രണ്ടാം ക്ലാസ്സുകാരന്റെ കൊലപാതകം :  തന്നെ നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന്  പ്ലസ് ടു വിദ്യാർഥിയുടെ മൊഴി

 രണ്ടാം ക്ലാസ്സുകാരന്റെ കൊലപാതകം :   തന്നെ നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന്  പ്ലസ് ടു വിദ്യാർഥിയുടെ മൊഴി

ന്യൂഡൽഹി : റയൻ സ്കൂൾ കൊലപാതകം വീണ്ടും  വഴിത്തിരിവിലേക്ക്.ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ, തന്നെ നിർബന്ധിച്ചു കുറ്റം സമ്മതിപ്പിച്ചെന്ന് അറസ്റ്റിലായ പ്ലസ് ടു വിദ്യാർഥി. തിങ്കളാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടുമാണ് കുട്ടിയുടെ പുതിയ മൊഴി. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മർദിച്ചെന്നും കുറ്റസമ്മതമൊഴി സ്വന്തം വാക്കുകളിൽ വിഡിയോയിൽ പകർത്തിയെന്നും മൊഴിയിലുണ്ട്. 

രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ്നൻ  ഠാക്കൂറിനെയാണു സെപ്റ്റംബര്‍ എട്ടിനു സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് ടു വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാർഥി കുറ്റം സമ്മതിച്ചതായി സിബിഐ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോൾ കുട്ടി മാറ്റിയത്. ശുചിമുറിയിലേക്കു ചെന്നപ്പോൾ പ്രദ്യുമ്നന്റെ അലറിക്കരച്ചിൽ കേട്ടെന്നും രക്തം ഛർദ്ദിക്കുന്നതു കണ്ടെന്നും ഉടൻ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നുമാണു പുതിയ മൊഴി. 

പരീക്ഷ മാറ്റിവയ്ക്കാനാണു കുട്ടി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ പ്ലസ്ടുക്കാരനെ അറസ്റ്റ് ചെയ്തത്.  അധ്യാപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു  അശോക് കുമാറിനെ പ്രതിയാക്കാനായി തെളിവുകളിൽ കൃത്രിമം കാട്ടിയെന്നും ആരോപണം ഉയർന്നിരുന്നു. തെളിവെടുപ്പിനായി കുട്ടിയെ തിങ്കളാഴ്ച സ്കൂളിൽ എത്തിച്ചിരുന്നു.