രാജ്സ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം

രാജ്സ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം

ജയ്പൂര്‍ : രാജ്സ്ഥാനിലെ കര്‍ഷകസമരത്തിന് ഐതിഹാസിക വിജയം. 20,000 കോടിയുടെ കാര്‍ഷിക കടം എഴുതിതള്ളല്‍ പദ്ധതി രാജസ്ഥാനിലെ വസുന്ധരെ രാജെ സിന്ധ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 13 ദിവസമായി നടന്നുവന്ന പ്രക്ഷോഭമാണ് വിജയം കണ്ടത്.

സമരനേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ 11 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായ ധാരണയിലെത്തിയത്.  അര്‍ധരാത്രിയോടെ സംസ്ഥാന കൃഷി മന്ത്രി പ്രഹ്ലാദ് സെയ്‌നിയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങള്‍ ഇതാണ്. 50000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളും. എട്ടു ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. യുപി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിക്കും.

കാര്‍ഷിക വിളകള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ താങ്ങുവില നല്‍കി സംഭരിക്കും. കൃഷിക്കായുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കും. അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് വിളകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും. കനാല്‍ ജലം ലഭിച്ചില്ലെങ്കില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.

Farmers' agitating in Sikar have called off their protest after 13 days post discussion with Rajsathan Govt.

— ANI (@ANI) September 14, 2017

എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് 13 ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചതായി കര്‍ഷകര്‍ അറിയിച്ചു.വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങുകയും, റോഡ് ഉപരോധിക്കുകയും ചെയ്തത് ചില സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്രുന്നു.