തമിഴ്‌നാടിനൊരു നേതാവിനെ വേണം, അതു ഞാനായിരിക്കും: നയം വ്യക്തമാക്കി രജനീകാന്ത്

തമിഴ്‌നാടിനൊരു നേതാവിനെ വേണം, അതു ഞാനായിരിക്കും: നയം വ്യക്തമാക്കി രജനീകാന്ത്

പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള എംജിആറിന്റെ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരുമെന്ന് നടന്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരേയും തുല്യരായി കാണുന്ന രാഷ്ട്രീയമാണ് താന്‍ മുന്നോട്ട് വെക്കുന്നത്. സാങ്കേതിക വിദ്യയുടെ പ്രയോജനം താഴേതട്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും രജനീകാന്ത് വ്യക്തമാക്കി. 

രാഷ്ട്രീയം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന് അറിയാം. എവിടെയല്ലൊം തെറ്റു നടക്കുന്നുവെന്ന് ധാരണയുണ്ടെന്നും രജനി പറഞ്ഞു. തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു ശൂന്യതയുണ്ട്. അതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആത്മീയ രാഷ്ട്രീയമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും ചോദിച്ചു അത് എന്താണെന്ന്. വരും ദിവസങ്ങള്‍ അത് എന്താണെന്ന കാര്യം ഞാന്‍ കാണിച്ചു തരാം - രജനീകാന്ത് പറഞ്ഞു.

ജയലളിതയും കരുണാനിധിയും നല്ല രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോയി. അതേ രീതിയിലുള്ള നേതാവയായി താനും മാറും. ആര്‍ക്കും എംജിആര്‍ ആയി മാറാന്‍ കഴിയില്ല. എന്നാൽ തനിക്കും എംജിആറിനെ പോലെ മികച്ച ഭരണം നടത്താനായി സാധിക്കും. രാഷ്ട്രീയത്തിലുള്ളവര്‍ തങ്ങളുടെ ജോലി ശരിയായി ചെയുന്നില്ല. അതു കൊണ്ടാണ് തനിക്ക് രാഷ്ട്രീയ പ്രവേശനം നടത്തേണ്ടി വന്നത്.

ഒരു പാര്‍ട്ടിയും എന്റെ രാഷ്ട്രീയപ്രവേശനം ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. എന്തിനാണ് നിങ്ങള്‍ എന്നെയും മറ്റുള്ളവരെയും ഭയക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാരും രാഷ്ട്രീയക്കാരും തന്നോട് ചോദിക്കുന്നു എന്തിനാണ് സിനിമ വിട്ട് രാഷ്ട്രീയത്തില്‍ വരുന്നതെന്ന് എനിക്ക് 67 വയസ്സായി എന്നിട്ടും രാഷ്ടീയത്തില്‍ ഇറങ്ങാന്‍ തോന്നിയെങ്കില്‍ അത് നിങ്ങള്‍ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ്. രജനീകാന്ത് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രജനീകാന്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഡോ എംജിആര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനുച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് പങ്കെടുക്കുന്നത്. നടന്‍ പ്രഭു അടക്കമുള്ള പ്രമുഖര്‍ രജനീകാന്തിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.