അഞ്ച് ദിവസത്തെ റൈഡ് :  ശശികലയുടെ 1430 കോടിയുടെ കണക്കില്‍ പെടാത്ത സ്വത്ത് കണ്ടെത്തി

അഞ്ച് ദിവസത്തെ റൈഡ് :    ശശികലയുടെ 1430 കോടിയുടെ കണക്കില്‍ പെടാത്ത സ്വത്ത് കണ്ടെത്തി


ചെന്നൈ :  അഞ്ച് ദിവസത്തെ റൈഡില്‍  ശശികലയുടേയും സംഘത്തിന്‍റെയും പക്കൽ 1430 കോടിയുടെ കണക്കില്‍ പെടാത്ത വരുമാനം കണ്ടെത്തി. ആദായനികുതിവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ 714 കോടി രൂപയുടെ നോട്ടുകളും അഞ്ച് കോടിയുടെ ആഭരണങ്ങളും  റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളായുമാണ് കണ്ടെത്തിയിട്ടുള്ളത്. ശശികലയുടേയും സംഘത്തിന്‍റെയും ഉടമസ്ഥതയിലുള്ള 187 ഇടങ്ങളിൽ നടന്ന പരിശോധനയിലാണ്  കണ്ടെത്തി.

ഇപ്പോൾ കണ്ടെത്തിയ കണക്ക് അന്തിമമല്ലെന്നും രേഖകളെല്ലാം പരിശോധിച്ചു വരികയാണ്‌ . മാത്രമല്ല, ശശികലയുടെ കുടുംബാംഗങ്ങളുടെ പേരിൽ നിരവധി വ്യാജ കമ്പനികൾ രൂപീകരിച്ചിരിക്കുന്നതു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. . രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 തമിഴ്നാട്, പുതുച്ചേരി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിലായിരുന്നു പരിശോധന. ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരൻ എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാർട്ടി ചാനലായ ജയ ടിവി, മുഖപത്രമായ നമത് എംജിആർ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലും പരിശോധന നടന്നു.

ശശികലയുടെ സഹോദരനും വനിതാ കോളജ് ഉടമസ്ഥനുമായ ടി.വി ദിവാകരന്‍റെ മന്നാർഗുഡിയിലെ വസതിയിൽ നിന്നും 55 ലക്ഷം പിടിച്ചെടുത്തു. ദിവാകരന്‍റെ മകളായ രാജമാതംഗിയുടെ ചെന്നൈയിലെ വീട്ടിൽ നിന്നും ഇറക്കുമതി ചെയ്ത നിരവധി കാറുകളുടെ രേഖകൾ പിടിച്ചെടുത്തു. ഇറക്കുമതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

ജയലളിതയുടെ വിൽപത്രം തേടിയാണു റെയ്ഡ് .  നോട്ട് നിരോധനത്തിനു ശേഷമുള്ള ‘ഓപ്പൺ ക്ലീൻ മണി’യുടെ ഭാഗമായാണു റെയ്ഡ് എന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. നാനൂറിലേറെപ്പേരെ ചോദ്യം ചെയ്തതായാണു വിവരം. അതിനിടെ, ജയ ടിവി എംഡിയും ശശികലയുടെ ബന്ധു ജെ.ഇളവരശിയുടെ മകനുമായ വിവേക് ജയരാമൻ തിങ്കളാഴ്ച വൈകുന്നേരം നുങ്കംബാക്കത്തെ ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗത്തിന്റെ ഓഫിസിലെത്തി. റെയ്ഡിനോട് അനുബന്ധിച്ചു പിടിച്ചെടുത്ത രേഖകളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ ഒപ്പിടാനാണു വിവേക് എത്തിയതെന്ന് അധികൃതർ അറിയിച്ചു.