കോണ്‍ഗ്രസ് പാര്‍ട്ടിയാണ് മോദിയേക്കാള്‍ അദ്വാനിയെ ആദരിച്ചിട്ടുള്ളത്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പാര്‍ട്ടിയാണ് മോദിയേക്കാള്‍ അദ്വാനിയെ ആദരിച്ചിട്ടുള്ളത്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

മുംബൈ: ഗുരുവായ എല്‍.കെ. അദ്വാനിയെപോലും ബഹുമാനിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘കോണ്‍ഗ്രസ് പാര്‍ട്ടിയാണ് മോദിയേക്കാള്‍ അദ്വാനിയെ ആദരിച്ചിട്ടുള്ളത്. 

ഞാനിതു പറയാന്‍ പാടില്ലാത്തതാണ്. എന്നാലും പറയുകയാണ്. മോദിയുടെ ഗുരുവാണ് അദ്വാനിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികളില്‍ പോലും അദ്ദേഹത്തെ വേണ്ട വിധം ഗൗനിച്ചിട്ടില്ല. അതിനേക്കാളേറെ ഞാനാണ് അദ്ദേഹത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് പരിഗണിച്ചിട്ടുള്ളത്’- രാഹുല്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, അദ്വാനി എന്നിവരെ രാഷ്ട്രീയമായി എതിര്‍ത്തിട്ടുണ്ടെങ്കിലും പാര്‍ട്ടി അവരെ ബഹുമാനിച്ചിട്ടുണ്ട്. എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യമെത്തിയതും കോണ്‍ഗ്രസ് നേതാക്കളാണെന്നും രാഹുല്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പേയിയെ സന്ദര്‍ശിച്ചത് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണെന്നും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ പരാമര്‍ശം ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കളിയാണ് രാഹുല്‍ കളിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളെ ചവിട്ടി താഴ്ത്തി രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.