ലക്നോ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര സന്ദര്‍ശിച്ചു. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ 10 ആദിവാസികളെ കൊലപ്പെടുത്തിയ സോന്‍ഭദ്രയിലെ ഉംബ്ര ഗ്രാമത്തിലെത്തിയ പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രിയങ്ക നേരത്തെ പത്തു ലക്ഷം രൂപ വീതം നല്‍കിയിരുന്നു. പ്രതികളുമായി ഒത്തുകളിച്ച് കേസില്‍ നടപടിയെടുക്കാന്‍ പോലീസ് വൈകുകയാണെന്ന് ഒരാഴ്ച മുമ്ബ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഉംബ്ര ഗ്രാമത്തിലെ തന്റെ സഹോദരി സഹോദരന്മാരെയും കുട്ടികളെയും സന്ദര്ശിക്കാന്പോകുകയാണെന്ന് യാത്രയ്ക്കു മുമ്ബ് പ്രിയങ്ക ട്വീറ്റ് ചെയ്തു. അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കുകയും ചെയ്യും.
ജൂലൈ 17നാണ് ഖൊരാവല്‍ ഗ്രാമത്തില്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച് ഗോന്ദ് ഗോത്രവര്‍ഗക്കാരും ഗ്രാമമുഖ്യന് യഗ്യദത്തയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വെടിവെപ്പില്‍ കലാശിച്ചത്. 10 പേര് കൊല്ലപ്പെട്ടിരുന്നു. 3 ദിവസത്തിന് ശേഷം പ്രിയങ്ക ഗാന്ധി സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയെങ്കിലും ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു.
പ്രിയങ്ക പ്രദേശത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ധർണയിലായിരുന്ന പ്രിയങ്കയെ പൊലീസ് എത്തിച്ച ഗസ്റ്റ് ഹൗസിൽ എത്തിയാണ് കൊല്ലപ്പെട്ടവരുടെ കുടുബാംഗങ്ങൾ കണ്ടത്. അന്ന് ഗ്രാമത്തിൽ എത്തുമെന്ന് പ്രിയങ്ക വാക്ക് നൽകിയിരുന്നു.