പൗരത്വഭേദഗതിക്കെതിരായ സ്കൂള്‍ നാടകം; മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

പൗരത്വഭേദഗതിക്കെതിരായ സ്കൂള്‍ നാടകം; മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​​െന്‍റ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്‍െറ പേരില്‍ ദേശദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച വിദ്യാര്‍ഥിയുടെ മാതാവിനും ജാമ്യം. 14 ദിവസത്തിനുശേഷമാണ്​ ജാമ്യം ലഭിച്ചത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശമുണ്ടെന്നാരോപിച്ചായിരുന്നു അറസ്​റ്റ്​.

പ്രിന്‍സിപ്പല്‍ ഫരീദ ബീഗം (50), നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികളിലൊരാളുടെ മാതാവ് നജുബുന്നിസ (36) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ജനുവരി 30നാണ് കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യുട്ടില്‍ അവതരിപ്പിച്ച സി.എ.എ‑എന്‍.ആര്‍.സി വിരുദ്ധ നാടകത്തിനെതിരെ നടപടിയെടുത്തത്. പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് സ്കൂള്‍ പൂട്ടിച്ചിരുന്നു.

നാടകത്തി​​​​െന്‍റ വിഡിയോ സാമൂഹിക മാധ്യമത്തില്‍ അപ്​ലോഡ്​ ചെയ്​​തതോടെയാണ്​ വിവാദമായത്​. പൊതുപ്രവര്‍ത്തകനായ നിലേഷ്​ രക്​ശ്യാല്‍ നല്‍കിയ പരാതിപ്രകാരം 124 എ (രാജ്യദ്രോഹം), 504 (സമാധാനാന്തരീക്ഷം തകര്‍ക്കല്‍), 505-രണ്ട്​ (ശത്രുത പരത്തുന്ന പ്രസ്​താവന നല്‍കല്‍), 153 എ(വര്‍ഗീയ വി​ദ്വേഷം പ്രചരിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത്​ കേസെടുക്കുകയായിരുന്നു.