പ്രതിഷേധിക്കുന്ന കുട്ടികളെ പോലും കസ്റ്റഡിയിൽ വെക്കുന്ന ഡൽഹി പോലീസ് രാജ്യത്തിന് അപമാനമാണ്

പ്രതിഷേധിക്കുന്ന കുട്ടികളെ പോലും കസ്റ്റഡിയിൽ വെക്കുന്ന ഡൽഹി പോലീസ് രാജ്യത്തിന് അപമാനമാണ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനങ്ങളുടെ സമരത്തെ അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങൾ അതിന്റെ എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും, മുതിർന്ന നേതാക്കളെയും, ചരിത്രകാരനെയും, റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ വരെ വേട്ടയാടിയിട്ടും മതിയായിട്ടില്ലാത്ത പോലീസ് ഒടുവിൽ ഇന്നലെ രാത്രിയോടെ കുട്ടികളുടെ നേരെയും തിരിഞ്ഞിരിക്കുന്നു. രാജ്യതലസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധം നയിച്ചിരുന്നവരുടെ കൂടെയുണ്ടായിരുന്ന 9 കുട്ടികളെയാണ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന ഒരു പ്രധാനമന്ത്രിയും കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു രാഷ്ട്രപതിയും ഉണ്ടായിരുന്ന ഒരു നാട്ടിലാണ് കുട്ടികളെ വരെ കസ്റ്റഡിയിലെടുക്കുന്നത്. ഒരു മുൻരാഷ്ട്രപതിയുടെ കുടുംബം വരെ ഇന്ത്യൻ പൗരർ അല്ല എന്ന് പറഞ്ഞ് പുറത്ത് നിർത്തിയ ഭരണകൂടത്തിനോട് മുൻ പ്രധാനമന്ത്രിയുടെയോ രാഷ്ട്രപതിയുടെയോ മൂല്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും, ഈ രാഷ്‌ട്രം പുലർത്തി പോന്നിരുന്ന മൂല്യങ്ങളെ ഓർമപ്പെടുത്തേണ്ടത് കാലത്തിന്റെ അനിവാര്യത ആയതുകൊണ്ടാണ്.

14 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ വെച്ചത്. ഒമ്പതാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ പഠിക്കുന്ന കുട്ടികളെയാണ് കാക്കിയുടെയും ലാത്തിയുടെയും തോക്കിന്റെയും ഭീകര അന്തരീക്ഷത്തിൽ മണിക്കൂറുകളോളം നിർത്തിയത്. പേനയും ക്യാമറയും മൈക്കുമെല്ലാം മാരകായുധങ്ങൾ എന്ന് പറയുന്ന പോലീസ് ലാത്തിയും തോക്കുമെല്ലാം ഏത് ഗണത്തിൽ പെടുത്തും എന്ന് പറയണം. 

ആ കുട്ടികളും പ്രതിഷേധിച്ചിട്ടുണ്ടാകാം. അതിന് അവർക്ക് അവകാശമുണ്ട്. എന്നാൽ അവരെ പിടിച്ചു കൊണ്ടുപോയി കസ്റ്റഡിയിൽ വെക്കാൻ മാത്രം എന്ത് കുറ്റമാണ് അവർ നടത്തിയത്? സമാധാനപരമായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതോ? ഈ രാജ്യത്തെ പൗരന്മാരുടെ പ്രതിഷേധത്തിനൊപ്പം അണിചേർന്നതോ ? ഈ രാജ്യത്തെ രണ്ടായി വിഭജിക്കാൻ തക്ക ശേഷിയുള്ള ഒരു നിയമത്തിനെതിരെ ശബ്‌ദിച്ചതിനോ? അതോ വീട്ടിലിരുന്ന് ഗെയിം കളിക്കാതെ തങ്ങളുടെ നാടിന് വേണ്ടി തെരുവിൽ ഇറങ്ങിയതോ? മറുപടി പറയാൻ ബാധ്യസ്ഥരാണ് ഇവിടുത്തെ പോലീസും അവരെ നിയന്ത്രിക്കുന്ന മോദി ഭരണകൂടവും, ആഭ്യന്തര മന്ത്രി അമിത്ഷായും.

പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ഡല്‍ഹി ചീഫ് മെട്രോപൊളിയന്‍ മജിസ്‌ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണമെന്നും മജിസ്‌ട്രേറ്റ് ദരിയാഗഞ്ച പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും, കുട്ടികളെ വിട്ടു നൽകിയാൽ താൻ അറസ്റ്റ് വരിക്കാമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നൽകിയ ഉറപ്പിന്റെ ബലത്തിലും മാത്രമാണ് കുട്ടികളെ വിട്ടുനൽകിയത്. ചന്ദ്രശേഖർ ആസാദ് ഡൽഹി ജമാ മസ്‌ജിദിൽ നിന്ന് നയിച്ച മാർച്ചിലാണ് ആ കുട്ടികളും പങ്കുചേർന്നിരുന്നത്. ഇന്ന് പുലർച്ചെ ആസാദ് അറസ്റ്റ് വരിച്ചതിനെ തുടർന്ന് മാത്രമാണ് കുട്ടികളെ മോചിപ്പിക്കാൻ പോലീസ് തയ്യാറായത്.

മുഴുവൻ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണ് ബിജെപി ഭരണകൂടം. കുട്ടികളോട് പോലും കരുണയില്ലാത്ത ഒരു പോലീസിനെയാണോ ജനങ്ങളുടെ സുരക്ഷക്കായി ഭരണകൂടം സൃഷ്ടിച്ചെടുക്കുന്നത്. കുട്ടികളോട് ഏറ്റവും നന്നായി ലോകരാജ്യങ്ങൾ മുഴുവൻ പെരുമാറുമ്പോൾ, അതിന് വേണ്ടി പ്രത്യേക ശ്രദ്ധ ലോകം നൽകുമ്പോൾ, അവരെ കൂടി കണക്കിലെടുത്ത് ഭരണം വരെ നടത്തുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പ്രതിഷേധിച്ചതിന്റെ പേരിൽ തങ്ങളുടെ കുട്ടികളെ അറസ്റ്റ് ചെയ്യുകയാണ്. ഭരണകൂടത്തിനെതിരെ സമരം ചെയ്‌ത ഗ്രെറ്റ തുംബർഗിനെ പോലെയുള്ള കുട്ടികളെ ലോകം പ്രശംസിക്കുമ്പോൾ നാം നമ്മുടെ കുട്ടികളെ ഇല്ലായ്‌മ ചെയ്യുകയാണ്.