ഒക്ടോബര്‍ 2 മുതല്‍ രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം; ഉന്നതതല മന്ത്രിസഭാ യോഗം ചൊവ്വാഴ്ച

ഒക്ടോബര്‍ 2 മുതല്‍ രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം; ഉന്നതതല മന്ത്രിസഭാ യോഗം ചൊവ്വാഴ്ച

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ട് മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന ഉന്നതതല മന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടക്കും.  നിരോധനവുമായി ബന്ധപ്പെട്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കാനും യോഗം ആവശ്യപ്പെട്ടേക്കും.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അധ്യക്ഷം വഹിക്കുന്ന യോഗത്തില്‍ പരിസ്ഥിതി, ജലവിഭവ, റെയില്‍വേ തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ചുള്ള പൗരന്മാരെ ബോധവല്‍ക്കരിക്കുവാന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. രാജ്യത്തുടനീളം ക്യാമ്പയിനുകള്‍ ആരംഭിക്കുന്നതിനുള്ള ചുമതലകള്‍ ജലവൈദ്യുത മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവര്‍ക്ക് ശിക്ഷയും കനത്ത പിഴയും ചുമത്താനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക ഈ ആഴ്ച അവസാനത്തോടെ നല്‍കും. തുടക്കത്തില്‍ അടിയന്തരമായി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയാകും പ്രസിദ്ധീകരിക്കുക.