അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടങ്കൽ കേന്ദ്രം നിർമ്മിക്കാൻ പദ്ധതി

അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടങ്കൽ കേന്ദ്രം നിർമ്മിക്കാൻ പദ്ധതി

 മുംബൈ : അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടങ്കൽ കേന്ദ്രം നിർമിക്കാൻ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് നവി മുംബൈ ആസൂത്രണ അതോറിറ്റിക്കു കത്തെഴുതിയതായി റിപ്പോർട്ട്. ദേശീയ പൗര റജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ നിന്ന് അസമിലെ 19 ലക്ഷം ആളുകൾ പുറത്തായതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനത്തു സർക്കാരിന്റെ സമാനമായ നീക്കം. കത്ത് ലഭിച്ച കാര്യം ആസൂത്രണ അതോറിറ്റി അധികൃതർ സ്ഥരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 

മഹാരാഷ്ട്രയിലെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ‌ (സിഡ്‌കോ) വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മുംബൈയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള നെരുളിൽ മൂന്ന് ഏക്കർ സ്ഥലം വരെ ആവശ്യപ്പെട്ടുള്ള കത്താണ് അഭ്യന്തര വകുപ്പ് അയച്ചിരിക്കുന്നത്. കത്ത് അയച്ചെന്ന റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളിയെങ്കിലും രാജ്യത്തെ എല്ലാ പ്രധാന കുടിയേറ്റ മേഖലകളിലും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കണമെന്ന് ഈ വർഷമാദ്യം കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു.