ഇന്ധന വില കുറച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കോണ്‍ഗ്രസ്

ഇന്ധന വില കുറച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ തീരുവ വെട്ടിക്കുറച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പെട്രോള്‍ ഡീസല്‍ തീരുവ രണ്ട് രൂപ കുറച്ചത്.

മോദി സര്‍ക്കാരാണ് ഡീസലിന്റെ തീരുവ 3.56 രൂപയില്‍ നിന്ന് 17.33 രൂപയായി ഉയര്‍ത്തിയത്. എന്നിട്ട് ഇപ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രണ്ട് രൂപ കുറച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുന്നതെന്ന് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അര്‍ജുന്‍ മോദ്‌വാദിയ പറഞ്ഞു.

പെട്രോളിന്റെ തീരുവ 9.48 ആയിരുന്നതില്‍ നിന്ന് 22 ആയി ഉയര്‍ത്തിയത് എന്‍ഡിഎ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, വിലക്കയറ്റം പോലുള്ള ജനദ്രോഹ നടപടികള്‍ക്ക് തക്ക മറുപടി മോദി സര്‍ക്കാരിന് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ധന വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പെട്രോള്‍ വില കൂട്ടിയത് ചോദ്യം ചെയ്യുന്നവരോട് സാമൂഹിക സേവനങ്ങള്‍ക്കു വേണ്ടിയാണെന്നാണ് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും വാദമെന്നും അദ്ദേഹം അറിയിച്ചു.

2014 മുതല്‍ രാജ്യത്തുണ്ടായ വിലക്കയറ്റത്തിന് ബിജെപി ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ഇത്തരത്തിലുള്ള ചെറിയ ഉപകാരങ്ങള്‍ കൊണ്ടും ജനങ്ങളുടെ മനസ് മാറില്ലെന്നും അര്‍ജുന്‍ മോദ്‌വാദിയ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി സര്‍ക്കാര്‍ ആദ്യം 11 ശതമാനം തീരുവ ഉയര്‍ത്തുകയും പിന്നീട് 2 രൂപ കുറയ്ക്കുകയും ചെയ്തിരിക്കുന്നതിനെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാലയും പരിഹസിച്ചു.