ജമ്മു കശ്മീരില്‍ വൃദ്ധനെ ഒരു സംഘം അക്രമികള്‍ വെടിവച്ച് കൊന്നു;തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതാണ് കൊലപാതകത്തിനു കാരണമെന്ന് കുടുംബം

ജമ്മു കശ്മീരില്‍ വൃദ്ധനെ ഒരു സംഘം അക്രമികള്‍ വെടിവച്ച് കൊന്നു;തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതാണ് കൊലപാതകത്തിനു കാരണമെന്ന് കുടുംബം

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള സുംഗര്‍പോരയില്‍ പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ ഒരു സംഘം അക്രമികള്‍ വെടിവച്ച് കൊന്നു. 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനാണ് മുഹമ്മദ് ജമ്മാലിനെ വധിച്ചതെന്ന് കുടുംബം ആരോപിച്ചു. തീവ്രവാദികളാണ് പിഡിപി പ്രവര്‍ത്തകനായ അറുപത്തഞ്ചുകാരന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനാണ് ഭീകരര്‍ അക്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.  ഏപ്രില്‍ 29-ന് 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലിന് അവശത കാരണം വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യാന്‍ പോകണമെന്ന് ജമ്മാലിന് നിര്‍ബന്ധം പിടിച്ചു. 

സുംഗര്‍പോര ഗ്രാമത്തില്‍ അഞ്ഞൂറ് കുടുംബങ്ങളുണ്ട്. ഇവിടെ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകളാണ്. ഇതില്‍ അഞ്ചും മുഹമ്മദ് ജമ്മാലിന്‍റെ കുടുംബത്തില്‍ നിന്നായിരുന്നു. പോളിംഗിനിടെ പ്രദേശത്ത് അക്രമസംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച ജമ്മാലിനെ വീട്ടിനകത്ത് കയറിയാണ് അക്രമികള്‍ വെടിവച്ച് കൊന്നത്. നോമ്പുതുറന്ന ശേഷം ഇഫ്താറിന് തൊട്ടുമുമ്പായിരുന്നു അക്രമം. വീടിന് മുന്നിലെ വരാന്തയിലേക്ക് കയറി തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ജമ്മാലിനെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. അഞ്ച് തവണ വെടിവച്ചു. രണ്ട് ബുള്ളറ്റുകള്‍ അടിവയറ്റിലും രണ്ടെണ്ണം കൈയിലും ഒരെണ്ണം മൂക്കിലും കൊണ്ടു. ജമ്മാല്‍ തല്‍ക്ഷണം മരിച്ചു. 

''ഞങ്ങളോട് ആര്‍ക്കും വിരോധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരേയൊരു കാരണം, ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് മാത്രമാണ്'', ജമാലിന്‍റെ മരുമകനായ താരിഖ് അഹമ്മദ് ഭട്ട് പറഞ്ഞു. കുല്‍ഗാമുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കനത്ത സംഘര്‍ഷസാധ്യതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധവുമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ വിഘടനവാദികളും തീവ്രവാദികളും വ്യാപകമായി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിലും അതിര്‍ത്തിയിലെ സംഘര്‍ഷത്തിലും 100 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. വോട്ട് ചെയ്തവരെ കൊല്ലുമെന്ന് തീവ്രവാദിസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അനന്ത് നാഗ് മണ്ഡലത്തില്‍ മാത്രം മൂന്ന് ഘട്ടങ്ങളിലായാണ് തെര‍ഞ്ഞെടുപ്പ് നടന്നത്.