പരോള്‍ കഴിഞ്ഞു : ശശികല ജയിലിലേക്ക് മടങ്ങി

പരോള്‍ കഴിഞ്ഞു : ശശികല ജയിലിലേക്ക് മടങ്ങി

ബെംഗളൂരു: എഐഎഡിഎംകെ നേതാവ് വി.കെ. ശശികല ബെംഗളൂരു അഗ്രഹാര ജയിലിലേക്ക് മടങ്ങി. ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായി അനുവദിച്ചിരുന്ന പരോള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ശശികല മടങ്ങിയത്.

കരള്‍, വൃക്ക എന്നീ അവയവങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണാനായി അഞ്ച് ദിവസത്തെ പരോളായിരുന്നു കോടതി ശശികലയ്ക്ക് അനുവദിച്ചത്.ഈ മാസം ഏഴ് മുതല്‍ 11 വരെയാണ് ശശികലയ്ക്ക് കര്‍ശന ഉപാധികളോടെ അടിയന്തിര പരോള്‍ അനുവദിച്ചത്. ഇന്ന് ആറ് മണിക്ക് മുമ്പ് ജയിലില്‍ മടങ്ങിയെത്തണമെന്നാണ് ശശികലയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. റോഡ് മാര്‍ഗമാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് ശശികല.