പശു പദ്ധതിക്കായി ബാബാ രാംദേവിന്​ 1000 ഏക്കർ സ്​ഥലം മഹാരാഷ്ട്രയിൽ അനുവദിക്കണമെന്ന് നിതിൻ ഗഡ്​കരി

പശു പദ്ധതിക്കായി ബാബാ രാംദേവിന്​ 1000 ഏക്കർ സ്​ഥലം മഹാരാഷ്ട്രയിൽ അനുവദിക്കണമെന്ന് നിതിൻ ഗഡ്​കരി

പുതിയ പശു പദ്ധതിക്കായി യോഗ ഗുരു രാംദേവിന്​ 1000 ഏക്കർ സ്​ഥലം മഹാരാഷ്ട്രയിൽ അനുവദിക്കണമെന്ന്​  കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി. മഹാരാഷ്​ട്രയിലെ വിദർഭയിൽ സ്ഥലം നൽകാനാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസിനോട്​ ആവശ്യപ്പെട്ടിരിക്കുന്നത്. രാംദേവി​​െൻറ പതഞ്​ജലി ഗ്രൂപ്പുമായി  ചേർന്ന്​  25000 കോടി രൂപയുടെ പദ്ധതിക്ക്​ സ്​ഥലം അനുവദിക്കണമെന്നാണ്​ ആവശ്യം. 

10,000 ​പശുക്കളെ വാങ്ങി പശുക്കളെ ഉൽ​പാദിപ്പിക്കുന്ന കേന്ദ്രം വികസിപ്പിച്ച്​ പാലും പാലുത്​പന്നങ്ങളും  നിർമിക്കാനാണ്​ പദ്ധതിയെന്ന്​ നിതിൻ ഗഡ്​കരി വിശദീകരിക്കുന്നു. അതേസമയം, കേന്ദ്രമന്ത്രിയുടെ ആവശ്യം ഇതുവരെ മുഖ്യമന്ത്രിയുടെ ഒാഫീസിനു മുമ്പാകെ എത്തിയിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു.

നിലവിൽ 40 ഹെക്ടർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഹേതിയിലെ പശു വളർത്തൽ കേന്ദ്രം 328 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാൻ നിർദേശം അയച്ചിരുന്നതായി മൃഗ സംരക്ഷണ വകുപ്പ്​ കമ്മീഷണർ അറിയിച്ചു. വനം വകുപ്പിന് കീഴിൽ വരുന്ന ബാക്കി സ്ഥലത്ത് ഇൗ കേന്ദ്രം പുനരുജ്ജീവിപ്പിക്കാൻ നിർദേശം മുന്നോട്ടു വെച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മൃഗസംരക്ഷണ വകുപ്പ്​ മന്ത്രിയും ചില ചർച്ചകൾ നടത്തിയിരുന്നുവെന്നും കമ്മീഷണർ അറിയിച്ചു.