ശശികലയുടെ ഭർത്താവിന്‍റെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി

ശശികലയുടെ ഭർത്താവിന്‍റെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭർത്താവ് നടരാജന്റെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്നു പാർട്ടി തമിഴ്നാട് അധ്യക്ഷ തമിഴിസെ സൗന്ദർരാജൻ ആരോപിച്ചു. അവയവം ദാനം ചെയ്ത കാർത്തിക്കി (19)ന്റെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. അപകടത്തിൽ പരുക്കേറ്റ മകനെ അവർക്ക് എങ്ങനെയാണ് എയർ ആംബുലൻസിൽ കയറ്റി ചെന്നൈയിൽ എത്തിക്കാൻ സാധിക്കുകയെന്നും അവർ ചോദിച്ചു.

സെപ്റ്റംബർ 30നു ബൈക്ക് അപകടത്തിൽ പരുക്കേറ്റ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ ആദ്യം തഞ്ചാവൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു സർക്കാർ മെഡിക്കൽ കോളജിലേക്കു മാറ്റി. തുടര്‍ന്ന്, നടരാജൻ ചികിൽസയിലിരിക്കുന്ന ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചതു ഡോക്ടർമാരുടെ നിര്‍ദേശം അവഗണിച്ചാണെന്നും ആരോപണമുണ്ട്.

യുവാവിനു മസ്തിഷ്ക മരണം സംഭവിച്ചെന്നു ചെന്നൈയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അവയവദാനം.

അതേസമയം, മസ്തിഷ്ക മരണം സംഭവിക്കുന്ന വ്യക്തി ചികിൽസയിലിരിക്കുന്ന ആശുപത്രിക്കു ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവയും മറ്റുള്ള അവയവങ്ങൾ സർക്കാര്‍ അവയവദാന പദ്ധതിക്കു നല്‍കണമെന്നുമാണു തമിഴ്നാട്ടിലെ ചട്ടം. മൂന്നു മേഖലകളായി തിരിച്ചാണ് അവയവ കൈമാറ്റം. ഇതുപ്രകാരം കാർത്തിക്കിന്റെ അവയവങ്ങൾ തഞ്ചാവൂർ ഉൾപ്പെടുന്ന മേഖലയിലുള്ള രോഗികൾക്കാണു ലഭിക്കേണ്ടിയിരുന്നത്.

ഈ സാഹചര്യത്തിൽ, യുവാവിന്റെ മസ്തിഷ്ക മരണം ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം സ്ഥിരീകരിച്ചതിനു പിന്നിലും വൻതുക ചെലവഴിച്ച് എയർ ആംബുലൻസ് സജ്ജീകരിച്ചതിനു പിന്നിലും ഗൂഢാലോചന നടന്നതായാണ് ആരോപണം ഉയരുന്നത്.