മോദിക്കെതിരെ പ്രസ്‌താവന: ക്ഷമ ചോദിച്ച് മണിശങ്കർ അയ്യർ; തെരഞ്ഞെടുപ്പിൽ കാണാമെന്ന് മോദി 

മോദിക്കെതിരെ പ്രസ്‌താവന: ക്ഷമ ചോദിച്ച് മണിശങ്കർ അയ്യർ; തെരഞ്ഞെടുപ്പിൽ കാണാമെന്ന് മോദി 

 പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ക്ഷമ ചോദിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും മണിശങ്കര്‍ പറഞ്ഞു. 

അതേസമയം മണിശങ്കറുടെ പ്രസ്താവനയ്ക്ക് മോദി സൂറത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മറുപടി പറഞ്ഞു. ‘അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനഃസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ 9നും 14നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയുമെന്ന്’ മോദി പറഞ്ഞു.  

‘‘മോദി തരംതാഴ്​ന്ന, സംസ്​കാരമില്ലാത്ത വ്യക്തിയാണ്​. ഇൗ സമയത്ത്​ എന്തിനാണ്​ അദ്ദേഹം വിലകുറഞ്ഞ രാഷ്​​ട്രീയം കളിക്കുന്നത്​’’ -എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്​താവന.

എന്നാൽ, സംഭവത്തിൽ മണിശങ്കർ അയ്യർ മാപ്പു പറയണമെന്ന് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ‘ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസ്​ പാർട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്​. എന്നാൽ, കോൺഗ്രസിന്​ വ്യത്യസ്​തമായ സംസ്​കാരവും പാരമ്പര്യവുമാണുള്ളത്​. മണിശങ്കർ അയ്യർ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതിൽ മാപ്പുപറയുമെന്നാണ്​ താനും കോൺഗ്രസ്​ പാർട്ടിയും കരുതുന്നത്​’’ -രാഹുൽ ട്വിറ്റ്​ ചെയ്​തു.