ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ കാറില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ കാറില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു

ഗുഡ്ഗാവ്: തീപിടിച്ച കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ട ഡ്രൈവര്‍ ഒടുവില്‍ കാര്‍ പിടിച്ചുനിര്‍ത്തുന്നതിനായി പിന്നാലെ ഓടി. ഗുഡ്ഗാവില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ക്ക് ദീപാവലി സമ്മാനം വിതരണം ചെയ്ത ശേഷം സെക്ടര്‍ 25ലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാകേഷ് ചന്ദാല്‍ (44). ഗുഡ്ഗാവ് മേല്‍പ്പാലത്തില്‍ വച്ചാണ് ഇയാളുടെ കാറിന് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നതോടെ കാറില്‍ നിന്നും ചാടിയിറങ്ങിയ രാകേഷ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ കാര്‍ തനിയെ ഓടി. കാര്‍ പിടിച്ചു നിര്‍ത്താന്‍ പിന്നാലെ ഓടുന്ന രാകേഷിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

കാര്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ശബ്ദം കേട്ടതോടെ കാര്‍ നിര്‍ത്തി പരിശോധിച്ചുവെന്ന് രകേഷ് പറയുന്നു.  ടയറുകളും നോക്കിയെങ്കിലും എവിടെയും തകരാര്‍ കണ്ടില്ല. കാര്‍ വീണ്ടും ഓടിച്ചുതുടങ്ങിയതോടെ ശബ്ദം കേട്ടു. ഇതോടെ കാറിന്റെ ബോണറ്റ് തുറന്ന് പരിശോധിച്ചുവെങ്കിലും കാരണം കണ്ടെത്താന്‍ കഴഇഞ്ഞില്ല. കാര്‍ ഫ്ളൈ ഓവറില്‍ എത്തിയതോടെ വീണ്ടും ശബ്ദം കേള്‍ക്കുകയും തീകണ്ടെത്തുകയും ചെയ്തു. 

ബ്രേക്കിട്ട് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ഹാന്‍ഡ്ബ്രേക്ക് ഇട്ടശേഷം കാറില്‍ നിന്നും പുറത്തേക്ക് ചാടി. എന്നിട്ടും കാര്‍ നിന്നില്ല. പോലീസ് കണ്‍ട്രോള്‍ റൂമിലും ഫയര്‍ സ്റ്റേഷനിലും വിളിച്ച് വിവരം അറിയിച്ചുവെന്നും രാകേഷ് പറയുന്നു. പോലീസും ഫയര്‍ഫോഴ്സും നോക്കിയിട്ടും കാര്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ എതിര്‍ദിശയില്‍ വന്ന ഒരു ഓട്ടോറിക്ഷയിലും കാര്‍ ഇടിച്ചു. അഗ്‌നിശമന സേന വെള്ളമൊഴിച്ച് തീകെടുത്തിയതോടെയാണ് കാര്‍ ഓട്ടം നിര്‍ത്തിയത്. 

ഈ സമയം കാറിന്റെ ചിത്രമെടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയതും പോലീസിന് തലവേദനയായി. തന്നെ സഹായിക്കാന്‍ ആരും തയ്യാറായില്ലെന്നും കുടിവെള്ളംപോലും ആരും നല്‍കിയില്ലെന്നും രാകേഷ് പറയുന്നു.