മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്; മത്സര രംഗത്ത് അവശേഷിക്കുന്നത് 3239 പേർ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്; മത്സര രംഗത്ത് അവശേഷിക്കുന്നത് 3239 പേർ

 മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം കഴിഞ്ഞതോടെ മത്സര രംഗത്ത് അവശേഷിക്കുന്നത് 3239 പേർ. 5543 പേർ പത്രിക സമർപ്പിച്ചിരുന്നു. 1504 പേർ മത്സരരംഗത്തുനിന്ന് പിന്മാറി. ചിലരുടെ പത്രികകൾ തള്ളിയിരുന്നു. 

വിമതശല്യം ഏറ്റവും കൂടുതൽ ബി.ജെ.പി.-ശിവസേന സഖ്യത്തിനാണുള്ളത്. ബി.ജെ.പി.യും ശിവസേനയും വിമതരെ പിന്മാറ്റാൻ ശ്രമിച്ചെങ്കിലും കാര്യമായ വിജയംകണ്ടില്ല. ആകെയുള്ള 288 മണ്ഡലങ്ങളിൽ 30-ലേറെ മണ്ഡലത്തിൽ ബി.ജെ.പി.-ശിവസേന സഖ്യസ്ഥാനാർഥികൾക്കെതിരേ വിമതർ രംഗത്തുണ്ട്. കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന് 15 മണ്ഡലങ്ങളിലാണ് വിമതശല്യമുള്ളത്.

ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഭരണസഖ്യത്തിലെ സിറ്റിങ് എം.എൽ.എ.മാരായ ചരൺ വാഗ്മരെ, രാജു തോട്സ, ബാലാസാഹേബ് സനപ്, നാരായൺ പവാർ എന്നിവർ ബി.ജെ.പി.യുടെ സ്ഥാനാർഥികൾക്കെതിരേയും തൃപ്തി സാവന്ത് ശിവസേനയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേയും മത്സര രംഗത്തുണ്ട്.

കല്യാൺ വെസ്റ്റിൽ ബി.ജെ.പി.യിൽനിന്നുള്ള മുൻ എം.എൽ.എ. നരേന്ദ്ര പവാർ ശിവസേനയിൽ നിന്നുള്ള വിശ്വനാഥ് ഭോയ്റിനെതിരേ മത്സരിക്കും. കല്യൺ ഈസ്റ്റിൽ ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാർഥി ഗണപത് ഗെയ്ക്ക്വാദിനെതിരേ ശിവസേനയിൽനിന്നുള്ള വിമതൻ ധനഞ്ജയ് ബോദ്രെ മത്സരിക്കും. ബാന്ദ്ര ഈസ്റ്റിൽ മേയർ വിശ്വനാഥ് മഹാദേശുംറിനെതിരേ സിറ്റിങ് എം.എൽ.എ. തൃപ്തി ദേശായിയും മത്സരിക്കും. പാർട്ടി ടിക്കറ്റ് നൽകാതിരുന്നതിനെത്തുടർന്ന് അവർ വിമതസ്ഥാനാർഥിയായി രംഗത്തുവരുകയായിരുന്നു.

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ ഈ മണ്ഡലത്തിലെ വോട്ടറാണ്. കൊങ്കണിലെ കങ്കവലിയിൽ ബി.ജെ.പി.യുടെ നിതേഷ് റാണെയ്ക്കെതിരേ ശിവസേനയുടെ സതീഷ് സാവന്ത് മത്സരിക്കും. ശിവസേനയ്ക്ക് റാണെയും കുടുംബവും മുഖ്യശത്രുക്കളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് കോൺഗ്രസ് വിട്ട് നിതേഷ് ബി.ജെ.പി.യിൽ ചേരുന്നത്. ശിവസേനയിൽനിന്നുള്ള മുൻ എം.എൽ.എ.മാരായ ആശിഷ് ജയ്സ്വാൾ, അശോക് ഷിന്ദേ, വിശ്വാസ് നന്ദേർക്കർ, നരേന്ദ്ര ബോൻഡ്കർ എന്നിവർ വിമതരായി രംഗത്തുണ്ട്. നാസിക് ഈസ്റ്റിലും താനെയിലും എം.എൻ.എസ്. സ്ഥാനാർഥികൾക്കുവേണ്ടി എൻ.സി.പി. സ്ഥാനാർഥികൾ പിൻവാങ്ങിയതും ശ്രദ്ധേയമായി.