ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: 2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും പ്രഖ്യാപനം.  

ഇന്ന് ഉച്ചക്ക് ലക്നൌവില്‍ വിളിച്ച് ചേര്‍ക്കുന്ന മായാവതിയുടെയും അഖിലേഷിന്‍റെയും സംയുകത വാര്‍ത്താസമ്മേളനത്തില്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും.

2014 ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ഒന്നിച്ച് നിന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള മൂന്ന് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു.