കത്വാ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണ സംഘത്തിലെ ഏക വനിതാ ഓഫീസര്‍

കത്വാ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണ സംഘത്തിലെ ഏക വനിതാ ഓഫീസര്‍

കശ്മീര്‍: കത്വാ കൂട്ടബലാത്സംഗ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണ സംഘത്തിലെ ഏക വനിതാ ഓഫീസര്‍ ശ്വേതാംബരി ശര്‍മ്മ. അന്വേഷണം വഴിതിരിച്ചു വിടാന്‍ പ്രതികളും, അവരുടെ ബന്ധുക്കളും, അനുഭാവം പുലര്‍ത്തുന്നവരും ചില അഭിഭാഷകരും ശ്രമിച്ചെന്ന് ശ്വേതാംബരി വെളിപ്പെടുത്തി.

 തങ്ങളെ അവഹേളിക്കാവുന്നതിന്റെയും ബുദ്ധിമുട്ടിക്കുന്നതിന്റെയും അങ്ങേയറ്റം അവര്‍ ചെയ്തുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉറച്ച നിലപാടില്‍ തന്നെ നിന്നുവെന്നും ശ്വേതാംബരി അഭിമുഖത്തില്‍ പറഞ്ഞു. ‘എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് ഞങ്ങള്‍ ജോലി ചെയ്തത്. പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിരണ്‍നഗര്‍ പോലീസ് സ്‌റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥര്‍ കേസ് ഗതിമാറ്റി വിടാന്‍ കുട്ടിയുടെ വസ്ത്രവും മറ്റ് തെളിവുകളുമുള്‍പ്പെടെ നശിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയെന്നറിഞ്ഞപ്പോള്‍. എന്നിട്ടും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ചതിനു പിന്നില്‍ അദൃശ്യ ശക്തി ഉണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ഞങ്ങള്‍ക്ക് മേല്‍ ഉണ്ടായിരുന്നെന്ന് വിശ്വസിക്കുന്നു.

പ്രതികളെല്ലാം ബ്രാഹമണര്‍ ആയതുകൊണ്ട് അതുവെച്ച് സ്വാധീനിക്കാന്‍ അവര്‍ ശ്രമിച്ചു. ഒരേ മതത്തിലും ജാതിയിലും ഉള്ളതല്ലേ അതിനാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ കൊന്നതിന് അവരെ കുറ്റക്കാരായി കാണരുതെന്ന് എന്നോടും പറഞ്ഞു. കാശ്മീരിലെ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് മറ്റൊരു മതവുമില്ലെന്നും, എന്റെ മതം ഈ യൂണിഫോമാണെന്നും ഞാന്‍ അവരോട് പറഞ്ഞു. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ കുറ്റവാളികളുടെ ബന്ധുക്കളും അവരോട് അനുകമ്പയുള്ളവരും ഭീഷണിപ്പെടുത്താനും ബ്ലാക്‌മെയില്‍ ചെയ്യാനും തുടങ്ങി. ലാത്തികളും പ്ലക്കാര്‍ഡുകളും ത്രിവര്‍ണ പതാകയുമായി എത്തി. മുദ്രാവാക്യം വിളിച്ചും മറ്റും ഗ്രാമത്തിലേയ്ക്കും കോടതിയിലേയ്ക്കുമുള്ള തങ്ങളുടെ വഴിതടയാനും പലപ്പോഴും ശ്രമിച്ചു.’ ഉദ്യോഗസ്ഥ പറഞ്ഞു.