യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും? ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസം; നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും? ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസം; നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നു റിപ്പോര്‍ട്ട്. ഗവര്‍ണര്‍ യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ഗവര്‍ണറുടെ ഓഫീസ് നീതിപൂര്‍വം പെരുമാറുമെന്നാണു കരുതുന്നത്. ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണു കോണ്‍ഗ്രസ് തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കണ്ട് ഇക്കാര്യത്തില്‍ ഹര്‍ജി സമര്‍പ്പിക്കും’– മനീഷ് തിവാരി കൂട്ടിച്ചേർത്തു.

ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്നും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനാണു ഭൂരിപക്ഷമെന്നും എച്ച്.ഡി.കുമാരസ്വാമിയെ ക്ഷണിക്കാതെ ഗവര്‍ണര്‍ക്കു മറ്റു വഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബംരം പ്രതികരിച്ചു.

അതേസമയം, 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി ഒമ്പത് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടകം രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കൂടാതെ ബിഎസ്പി അംഗവും സഖ്യത്തെ പിന്തുണച്ചേക്കും. തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല.