ഐഎൻഎക്സ് മീഡിയ അഴിമതി: ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ഐഎൻഎക്സ് മീഡിയ അഴിമതി: ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. 

നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് പി ചിദംബരം. സെപ്തംബർ അഞ്ചിനാണ് പി ചിദംബരത്തെ ഡൽഹി റോസ് അവന്യു കോടതി റിമാൻഡ് ചെയ്തത്. ഈ മാസം പത്തൊൻപത് വരെ ചി​ദംബരം തിഹാർ ജയിലിൽ കഴിയും. ഓ​ഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. 

കേസിൽ ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങൾ ​ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷിതമായതും സൗകര്യങ്ങളുള്ളതുമായ ജയില്‍മുറി അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.