ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന പരാമര്‍ശം; പ്രഗ്യാസിംഗ് മാപ്പുപറഞ്ഞു

ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന പരാമര്‍ശം; പ്രഗ്യാസിംഗ് മാപ്പുപറഞ്ഞു

ഭോപ്പാല്‍: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പ്രഗ്യാസിംഗ് താകൂര്‍. പ്രഗ്യയുടെ പരാമര്‍ശത്തെ ബി.ജെ.പി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും നിര്‍ദ്ദേശിച്ചതോടെയാണ് മാപ്പ് പറച്ചില്‍. ഗോഡ്‌സെ ദേശഭക്തനാണെന്നും, എന്നും അതങ്ങനെ തന്നെ ആയിരിക്കുമെന്നുമായിരുന്നു പ്രഗ്യായുടെ പരാമര്‍ശം. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്ന നടന്‍ കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഉളളിലേക്ക് നോക്കാന്‍ തയാറാകണമെന്നും പുറമേ നിന്ന് മാത്രം നോക്കാന്‍ പാടില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ലഭിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പരാമര്‍ശം വിവാദമായതോടെയാണ് പ്രഗ്യയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയത്. ഗോഡ്‌സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെ അവരോട് പരസ്യമായി മാപ്പ് പറയാനും നിര്‍ദേശിച്ചതോടെയാണ് മാപ്പ് പറച്ചില്‍ ഉണ്ടായിരിക്കുന്നത്.