മധ്യപ്രദേശിലെ  സബ്ജയിലിൽ നിന്ന് നാലു തടവുകാർ ഇരുമ്പു വാതിൽ അറുത്തുമാറ്റി രക്ഷപ്പെട്ടു

മധ്യപ്രദേശിലെ  സബ്ജയിലിൽ നിന്ന് നാലു തടവുകാർ ഇരുമ്പു വാതിൽ അറുത്തുമാറ്റി രക്ഷപ്പെട്ടു

നീമച്ച്: മധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിലിൽ നിന്ന് നാലു തടവുകാർ രക്ഷപ്പെട്ടു. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന കൊടുംക്രിമിനലുകളാണു തടവു ചാടിയത്. ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഇവർക്കായി തിരച്ചിൽ ശക്തമാക്കി.

സെല്ലിന്റെ ഇരുമ്പു വാതിൽ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലിൽ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവർ കടന്നു കളഞ്ഞത്. ഇവരിൽ രണ്ടു പേർ മധ്യപ്രദേശ് സ്വദേശികളും രണ്ടു പേർ രാജസ്ഥാൻ സ്വദേശികളുമാണ്. ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നർ സിങ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാൽ, കൊലപാതകക്കേസിൽ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു രക്ഷപ്പെട്ടവർ. അടുത്തിടെ തടവുകാരെ സന്ദർശിക്കാൻ വന്നവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിലും അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും അധികൃതർ പ്രഖ്യാപിച്ചു.