വ്യാജ ഓണ്‍ലൈന്‍ സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് വയോധികന് നഷ്ടമായത് 9.4 ലക്ഷം രൂപ 

വ്യാജ ഓണ്‍ലൈന്‍ സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് വയോധികന് നഷ്ടമായത് 9.4 ലക്ഷം രൂപ 

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ 65കാരന് നഷ്ടമായത് 9.4 ലക്ഷം രൂപ. മുംബൈയില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലനസ്ഥാപനം നടത്തുന്ന 65കാരനാണ് ഓണ്‍ലൈന്‍ സുഹൃത്തിന്റെ ചതിയില്‍പ്പെട്ടത്. ജോര്‍ദാന്‍ സ്വദേശിയെന്ന് പരിജയപ്പെടുത്തിയ ലിയോണ എന്ന സ്ത്രീയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ വയോധികന് ലിയോണ എന്ന സോഷ്യല്‍മീഡിയ സുഹൃത്തുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇരുവരും സാമൂഹ്യമാധ്യമത്തില്‍ സുഹൃത്തക്കളായത്. ഉടന്‍ തന്നെ ഇന്ത്യയിലേക്ക് വരുമെന്നാണ് ഇവര്‍ വയോധികനോട് പറഞ്ഞിരുന്നത്.

ഇന്ത്യയിലെത്തിയ ലിയോണയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നും അതിനായി 24000 രൂപ വേണമെന്നും പറഞ്ഞ് അമിത് എന്ന യുവാവാണ് ആദ്യം ഫോണ്‍ ചെയ്തത്. പറഞ്ഞ പണം ലിയോണയുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്നും ലിയോണയുടെ പേര് പറഞ്ഞ് യുവാവ് വിളിക്കുകയും പല തവണയായി 9.4 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. പലതവണകളായി പണം വാങ്ങിയിട്ടും തിരിച്ചുലഭിക്കാത്തതിനാല്‍ സംശയം തോന്നിയ 65കാരന്‍ പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. ഇതോടെയാണ് മുംബൈ സ്വദേശി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത മുംബൈ പോലീസ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 65കാരന്റെ ഓണ്‍ലൈന്‍ സുഹൃത്തായ ലിയോണി എന്ന അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം.