ലഡാക്കിന് സമീപം അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം നടത്തിയത് സാധാരണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ബിപിന്‍ റാവത്ത്

 ലഡാക്കിന് സമീപം അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം നടത്തിയത് സാധാരണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ബിപിന്‍ റാവത്ത്

ശ്രീനഗര്‍: ലഡാക്കിന് സമീപം അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ അധിക സൈനിക വിന്യാസം സാധാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ സുസജ്ജമാണെന്നും മുന്‍കരുതല്‍ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനു ശേഷമാണ് പാകിസ്ഥാന്‍ ഇത്തരത്തില്‍ അധിക സൈനികരെ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. നിയന്ത്രണ പരിധിയില്‍ ഏത് തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സദാ ജാഗരൂകരാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.

പാകിസ്താന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാകിസ്താന്‍ വിന്യസിക്കുന്നതായിട്ടാണ് നിലവില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പാക് വ്യോമസേനയുടെ മൂന്ന് സി-130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായിട്ടും സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

മാത്രമല്ല യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് പാകിസ്താന്‍ എത്തച്ചിരിക്കുന്നത്. ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്.