ഡ്രൈവിംഗ് ലൈസൻസിന്‍റെ ഒറിജിനല്‍ വേണമെന്നില്ല; ഡിജിലോക്കറിൽ നിന്ന് ലഭിക്കുന്ന ഡിജിറ്റൽ കോപ്പികൾ യഥാർത്ഥ രേഖകളായി പരിഗണിക്കും: കേന്ദ്ര സർക്കാർ

ഡ്രൈവിംഗ് ലൈസൻസിന്‍റെ ഒറിജിനല്‍ വേണമെന്നില്ല; ഡിജിലോക്കറിൽ നിന്ന് ലഭിക്കുന്ന ഡിജിറ്റൽ കോപ്പികൾ യഥാർത്ഥ രേഖകളായി പരിഗണിക്കും: കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഡ്രൈവിംഗ് ലൈസൻസ് ഇൻഷുറൻസ് തുടങ്ങിയവയുടെ, ഡി.ജി.ലോക്കർ അല്ലെങ്കിൽ എംപരിവാഹൻ എന്നീ സര്‍ക്കാര്‍ അംഗീകൃത ആപ്പുകളില്‍ സൂക്ഷിച്ചുവയ്ക്കുന്ന, ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഇനിമുതല്‍ യഥാർത്ഥ രേഖകളായി അംഗീകരിക്കപ്പെടും. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഐ.ടി നിയമപ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് തുല്യമായി കണക്കാക്കാവുന്നതാണ്.

അതിനാല്‍ ഇനി പൊലീസ് ലൈസന്‍സ് ചോദിച്ചാലും ഒറിജിനല്‍ ലൈസന്‍സ് കാണിച്ച്‌ കൊടുക്കണമെന്നില്ല. പകരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാലും മതിയാകും. ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്. 

2000 ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് അനുസരിച്ച് ഡിജിലോക്കറിൽ നിന്ന് ലഭിക്കുന്ന ഡിജിറ്റൽ കോപ്പികൾ യഥാർത്ഥ രേഖകളായി പരിഗണിക്കും. ഇന്ത്യ ഉടനീളം ഉടൻ തന്നെ ഈ നിയമം നിലവിൽ വരും. 

ബിഹാർ, മദ്ധ്യപ്രദേശ്, കർണാടക എന്നിവ ഡിജിലോക്കറിൽ രേഖകൾ അംഗീകരിച്ച ആദ്യ സംസ്ഥാനങ്ങളാണ്. ഡ്രൈജൽ ലൈസൻസുകളും വാഹനരേഖകളും ഡിജിലോക്കർ അല്ലെങ്കിൽ എംപരിവാഹൻ അപ്ലിക്കേഷൻ വഴി അംഗീകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.