വാക്കുതര്‍ക്കത്തിനിടെ അയല്‍വാസി കൗമാരക്കാരനെ കുത്തിക്കൊന്നു

വാക്കുതര്‍ക്കത്തിനിടെ അയല്‍വാസി കൗമാരക്കാരനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദീപാവലി ദിവസം ഡല്‍ഹിയില്‍ ദീപാവലി ഷോപ്പിംഗിന് സ്‌കൂട്ടറില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്ന 19കാരനെ അയല്‍വാസിയായ സുഹൃത്ത് കുത്തിക്കൊന്നു. മാര്‍ക്കറ്റില്‍ കൊണ്ടുപോകാത്തതിനെ ചൊല്ലി ഇരുവരും വാക്കുതര്‍ക്കമുണ്ടായിരുന്നു.

വ്യാഴാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയിലായിരുന്നു സംഭവം. ദീപക് എന്ന ബല്ലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ യോഗേഷിനെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. 

വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ബുധനാഴ്ച രാത്രി കാശ്മീരി ഗേറ്റിന് സമീപമുള്ള ടിബറ്റന്‍ മാര്‍ക്കറ്റലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയി വിടാന്‍ യോഗേഷ് ദീപകിനോട് ആവശ്യപ്പെട്ടു. ദീപക് ഇത് നിഷേധിച്ചു. ഇതേതുടര്‍ന്ന് രണ്ടുപേരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അസഭ്യം പറയുകയും ചെയ്തു. കയ്യാങ്കളി വരെ എത്തിയിരുന്നു. ബഹളം കേട്ടുവന്ന യോഗേഷിന്റെ മാതാപിതാക്കള്‍ ഇരുവരേയും പിടിച്ചുമാറ്റി. നാട്ടുകാര്‍ നോക്കിനില്‍ക്കേ അവര്‍ യോഗേഷിനെ അടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഇരുവരുടെയും മാതാപിതാക്കളും അയല്‍വാസികളും ഇടപെട്ട് വഴക്ക് തീര്‍ക്കുകയും വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് ഉച്ചയോടെ ദീപകുമായി യോഗേഷ് വീണ്ടും വഴക്കിട്ടു. ഇതിനിടെ ദീപക് അസഭ്യം പറഞ്ഞത് യോഗേഷിനെ പ്രകോപിപ്പിച്ചു. കൈവശമിരുന്ന കത്തികൊണ്ട് ദീപകിന്റെ നെഞ്ചില്‍ കുത്തിയ ശേഷം യോഗേഷ് ഓടിരക്ഷപ്പെടുകയുകയായിരുന്നു. ദീപകിനെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രിയോടെ യോഗേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മീററ്റില്‍ മൂന്നു വയസ്സുകാരിയുടെ വായില്‍ അയല്‍വാസിയായ യുവാവ് പടക്കംവച്ച് പൊട്ടിച്ചത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. നാവ് തകര്‍ന്നുപോയ പെണ്‍കുട്ടിയുടെ വായയിലും തൊണ്ടയിലും അടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പതോളം തുന്നലുകളാണ് പെണ്‍കുട്ടിയുടെ ദേഹത്തുള്ളത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോഴും.