ജമ്മു കശ്മീരിലെ ബ്ലോക്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്

ജമ്മു കശ്മീരിലെ ബ്ലോക്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്മെന്‍റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ തടവില്‍ തുടരുന്ന സാഹചര്യത്തിലും ജമ്മു കശ്മീര്‍ ഭരണകൂടത്തിന്‍റെ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് തീരുമാനം. ഈ മാസം 24 നാണ് ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്പ്മെന്‍റ് കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. 

എന്നാല്‍ ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെ.എ മിര്‍ പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നുപോലും ബഹിഷ്കരിക്കരുതെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആഗ്രഹം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തടവില്‍ തുടരുന്ന സാഹചര്യത്തിലും ജമ്മുകാശ്മീര്‍ ഭരണകൂടത്തിന്‍റെ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 

അതിനിടെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ജമ്മുകാശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷെഹ്‍ല റാഷിദ് അറിയിച്ചു.എന്നാല്‍ സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ തുടരും. ബ്ലോക് ഡവല്‍പ്മെന്‍റ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര‍്ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഷെഹ്‍ലയുടെ പ്രഖ്യാപനം.