ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് കോണ്‍ഗ്രസ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ ഒമ്പതിന് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ച കമ്മീഷന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ മോദി സര്‍ക്കാര്‍ കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ ആരോപിച്ചു.

ഒക്ടോബര്‍ 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ റാലിയെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നത് മോദിയുടെ റാലിക്ക് തടസമാകാതിരിക്കാനാണ് നീക്കമെന്ന് സുര്‍ജേവാല ആരോപിച്ചു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് 16 ന് മോദി ഗുജറാത്തിലേക്ക് പോകുന്നതെന്നും സുര്‍ജേവാല ട്വിറ്ററില്‍ ആരോപിച്ചു.