രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

അഹമ്മദാബാദ്: രാജ്യത്തോടൊപ്പം യാത്രകളും  കുതിക്കാന്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു   ബുള്ളറ്റ് ട്രെയിനിന്റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് അഹമ്മദാബാദിൽ നിർവഹിച്ചു. സബർമതി ആശ്രമത്തിനു സമീപമുള്ള ടെർമിനലിൽ ആയിരുന്നു ശിലയിടൽ ചടങ്ങ്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് - മുംബൈ പാതയിൽ ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും.

508 കിലോമീറ്റർ പാതയിൽ ആകെ 12 സ്റ്റേഷനുകൾ ആണ് ഉണ്ടാകുക. 21 കിലോമീറ്റർ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര. മണിക്കൂറിൽ 320 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. പദ്ധതി പ്രാവർത്തികമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താൻ രണ്ടുമണിക്കൂർ മതിയാകും. ഇന്ത്യയിൽ നിലവിൽ വേഗം കൂടിയ ട്രെയിൻ ഹസ്രത്ത് നിസാമുദീൻ – ആഗ്ര കന്റോൺമെന്റ് ഗതിമാൻ എക്സ്പ്രസ് ആണ്. മണിക്കൂറിൽ 160 കിലോമീറ്റർ. 1.40 മണിക്കൂർ കൊണ്ടു 187 കിലോമീറ്റർ പിന്നിടും.


 750 യാത്രക്കാരെ വഹിക്കാന്‍ 10 കോച്ചുകള്‍

പത്തു കോച്ചുള്ള ബുള്ളറ്റ് ട്രെയിനിൽ 750 യാത്രക്കാരെ വഹിക്കാനാകും. മണിക്കൂറിൽ 320–350 കിലോമീറ്റർ വരെ വേഗം. മുംബൈ-അഹമ്മദാബാദ് പാതയിൽ 3000 രൂപയ്ക്കു മുകളിലായിരിക്കും ചുരുങ്ങിയ നിരക്കെന്നാണു സൂചന. രണ്ടുതരം സീറ്റുകളുണ്ടാകും – എക്സിക്യൂട്ടീവും ഇക്കോണമിയും.

വമ്പൻ മുതൽമുടക്ക്

കണക്കാക്കുന്ന ചെലവ് 1.08 ലക്ഷം കോടിയിലേറെ രൂപ. 81% തുക ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസിയിൽ (ജിക) നിന്ന് 50 വർഷത്തേക്കു വായ്പ. റെയിൽവേയും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരും ബാക്കി ചെലവു വഹിക്കും. 2022 ഓഗസ്റ്റ് 15ന് അകം പദ്ധതി പൂർത്തിയാക്കും.

11 സ്റ്റേഷനുകൾ

മുംബൈയിലെ ടെർമിനൽ ബാന്ദ്ര-കുർള കോംപ്ലക്സിലും (ബികെസി) അഹമ്മദാബാദിലേത് സബർമതിയിലുമാണ്. മറ്റു സ്റ്റോപ്പുകൾ: താനെ, വിരാർ, ബോയ്സർ (ഡഹാണു), ഗുജറാത്തിലെ വാപി, ബിലിമോറ (വൽസാഡ്), സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്.

 അടിപ്പാത 21 കിലോമീറ്റർ 

താനെയ്ക്കും വിരാറിനുമിടയ്ക്ക് 21 കിലോമീറ്റർ ഭൂഗർഭപാത ഒഴിച്ചാൽ 487 കിലോമീറ്ററും എലിവേറ്റഡ് പാതയായിരിക്കും. ഭൂഗർഭ പാതയിൽ ഏഴു കിലോമീറ്റർ ദൂരം കടലിനടിയിലൂടെയാണ്.