നവവരന്മാരായ ജവാന്മാര്‍ക്ക് ഇനി പങ്കാളിയുമൊത്ത് കഴിയാം; പുതിയ പദ്ധതിയുമായി ബിഎസ്എഫ്

നവവരന്മാരായ ജവാന്മാര്‍ക്ക് ഇനി പങ്കാളിയുമൊത്ത് കഴിയാം; പുതിയ പദ്ധതിയുമായി ബിഎസ്എഫ്

ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന  ജവാന്മാര്‍ക്ക് പങ്കാളിയുമൊത്ത് കഴിയാന്‍ ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി ബിഎസ്എഫ് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 190 ഗസ്റ്റ് ഹൗസുകളാണ് നിര്‍മ്മിക്കുന്നത്. ഒരു ജവാനു തന്റെ 30 വര്‍ഷത്തെ സര്‍വീസിനിടയില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കിട്ടുന്നത് അഞ്ചുവര്‍ഷം മാത്രമാണ്. പട്ടാളക്കാര്‍ക്ക് ഏറെ മാനസിക സമ്മര്‍ദ്ദവും പ്രയാസവുമുണ്ടാക്കുന്നുവെന്ന് ദീര്‍ഘനാളായുള്ള പരാതിയാണ്. ഈ സാഹചര്യത്തിലാണു പുതിയ പദ്ധതിയുമായി ബിഎസ്എഫ് രംഗത്തെത്തുന്നത്. പുതുതായി വിവാഹം കഴിക്കുന്ന ജവാന്‍മാര്‍ക്കായിട്ടാണ് പ്രധാനമായും ഈ പദ്ധതി.

  സൈനികര്‍ക്കായി 2800 റൂമുകളാണ് നിര്‍മിക്കുന്നത്. 186 ബറ്റാലിയന്‍ സ്ഥാനങ്ങളിലായി 15 സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകള്‍ക്കു സമാനമായ ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു. ജവാന്മാര്‍ക്ക് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.

ഒറ്റയ്ക്കു താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം അനുഭവിക്കുന്നതു പുതുതായി വിവാഹം കഴിക്കുന്നവരാണ്. അതിനാല്‍ ആദ്യഘട്ടത്തില്‍ അവര്‍ക്കായിരിക്കും മുന്‍ഗണനയെന്നും അതേസമയം, ഓഫിസര്‍മാര്‍ക്കും സബ് ഓഫിസര്‍മാര്‍ക്കുമാണ് ഈ സൗകര്യം ലഭ്യമാകുകയെന്നും കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതു ലഭിക്കില്ലെന്നും ശര്‍മ അറിയിച്ചു.

അടുക്കള, കുളിമുറി, ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഇതില്‍ ഉണ്ടാകും. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ പങ്കാളിയെ കൂടെ താമസിപ്പിക്കുന്നതിനും അനുമതി നല്‍കും. ഗസ്റ്റ്ഹൗസിലെ 15 റൂമുകള്‍ക്ക് പൊതുവായിട്ട് ഒരു സ്വീകരണമുറിയായിരിക്കും ഉണ്ടാകുക. അവധിക്കാലങ്ങളില്‍ ഭാര്യമാരേയും മക്കളേയും കൊണ്ടുവരുന്നതിനും നിശ്ചിത കാലയളവില്‍ അനുമതി ലഭിക്കുമെന്നും ശര്‍മ്മ വ്യക്തമാക്കി.