കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍  റായ് ബറേലിയെ കൂട്ടുപിടിച്ച് അമിത് ഷാ

കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍  റായ് ബറേലിയെ കൂട്ടുപിടിച്ച് അമിത് ഷാ

റായ് ബറേലി : കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍  റായ് ബറേലിയെ കൂട്ടുപിടിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയെ പുരോഗമനത്തിന്റെ പാതയിലെത്തിക്കുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം .  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് റായ്ബറേലിയിലെത്തിയുള്ള അമിത് ഷായുടെ പ്രസംഗം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് റായ്ബറേലി. എന്നാല്‍,സ്വാതന്ത്ര്യാനന്തരം വികസനം അവിടേക്ക് എത്തിനോക്കിയിട്ടുപോലുമില്ല എന്നാണ് റായ്ബറേലിയില്‍ നടന്ന പൊതുറാലിയില്‍ അമിത് ഷാ ആരോപിച്ചത്. 'കുടുംബാധിപത്യത്തിന്റെ ഇരയാണ് റായ്ബറേലി. കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് റായ്ബറേലിയെ ബിജെപി വികസനത്തിന്റെ വഴിയേ നടത്തുമെന്ന് ഉറപ്പ് നല്‍കാനാണ് ഞാന്‍ ഇവിടേക്ക് വന്നത്.' അമിത് ഷാ പറഞ്ഞു.

എത്രയോ കാലം കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ്‌ഭരിച്ചിട്ടും പ്രാഥമിക വികസനം നടത്താന്‍ പോലും യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ വരേണ്ടിവന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. റായ് ബറേലിയെ മാതൃകാ ജില്ലയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷത്തോടെ 2019ലും അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു.