അയോധ്യാക്കേസ്: സുപ്രീം കോടതി വിധി നാളെ

അയോധ്യാക്കേസ്: സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: അയോധ്യാ കേസിന്റെ വിധി സുപ്രീം കോടതി ശനിയാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിക്കും. 

അല്‍പസമയം മുമ്ബാണ് ഇതുസംബന്ധിച്ച വിവരം സുപ്രീം കോടതി രജിസ്ട്രാറില്‍ നിന്ന് പുറത്തുവന്നത്.

അയോദ്ധ്യ കേസിൽ 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. അയോദ്ധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.

എന്നാൽ 2011 മേയിൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധിക്കെതിരെ 14 അപ്പീലുകളാണു സുപ്രീം കോടതി പരിഗണിച്ചത്. തർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായി, ശ്രീ ശ്രീ രവിശങ്കറിനെയും ഉൾപ്പെടുത്തി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ, ഓഗസ്റ്റ് 6 മുതൽ 40 ദിവസമാണു ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.