പദ്മാവതിക്കെതിരെയുള്ള  പ്രതിഷേധത്തില്‍  മുസ്ലിംകള്‍ പിന്തുണ നല്‍കണം  : അജ്മീര്‍ ദര്‍ഗദീവാന്‍

പദ്മാവതിക്കെതിരെയുള്ള  പ്രതിഷേധത്തില്‍   മുസ്ലിംകള്‍ പിന്തുണ നല്‍കണം  : അജ്മീര്‍ ദര്‍ഗദീവാന്‍

അജ്മീര്‍: സഞ്ജയ് ലീല ബന്‍സാലിയെ സല്‍മാന്‍ റുഷ്ദിയോടും തസ്ലീമ നസ്‌റിനോടും ഉപമിച്ച് അജ്മീര്‍ ദര്‍ഗ ദീവാന്‍ സയിദ് സൈനുലാബ്ദീന്‍ അലി ഖാന്‍. മതവികാരം വ്രണപ്പെടുത്തുന്നതില്‍ മൂവരും ഒരേ സ്വഭാവക്കാരാണെന്നാണ് ദീവാന്‍ അഭിപ്രായപ്പെട്ടത്.

സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ പ്രദർശനത്തിന് എത്തുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദ് നടത്താനുള്ള രാജ്പുത് കർണിസേനയുടെ ആഹ്വാനത്തോടെ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി വീണ്ടും ചർച്ചയാകുന്നു.

പദ്മാവതി സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ ആവശ്യമുള്ളതാണ്. ഇത്തരം സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിംകള്‍ പിന്തുണ നല്‍കണമെന്നും ദീവാന്‍ ആവശ്യപ്പെട്ടു.പദ്മാവതിയിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും മതവികാരം വ്രണപ്പെടുത്താനുമാണ് ബന്‍സാലി ശ്രമിക്കുന്നത്. രജപുത്ര സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് പദ്മാവതി.

റാണിക്കു സുൽത്താനോടു പ്രണയം ഉണ്ടായിരുന്നുവെന്നും റാണി കാണുന്ന സ്വപ്നത്തിന്റെ ഭാഗമായി ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് രാജ്പുത് കർണി സേന പ്രതിഷേധകോലാഹലം ഇളക്കിവിട്ടിരിക്കുന്നത്. ഹിന്ദു സംസ്കാരത്തെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവർ പറയുന്നു.

ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമൂഹത്തെ അപമാനിക്കുന്നതാണ്. സമുദായവികാരങ്ങളെ മുറിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രങ്ങളിലുണ്ടെങ്കില്‍ അവ പുനപ്പരിശോധിക്കേണ്ടതല്ലേ. അത്തരം ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പദ്മാവതിയ്‌ക്കെതിരെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്തുകൊണ്ട് മൗനം പാലിക്കുന്നെന്നും ദീവാന്‍ ചോദിച്ചു. എന്നാല്‍, ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രത്തിലെ രംഗങ്ങളെക്കുറിച്ച് എവിടെനിന്നാണ് അറിവ് ലഭിച്ചതെന്ന് ദീവാന്‍ വ്യക്തമാക്കിയില്ല.