കളിക്കാരില്ലാതെ മൽസരത്തിനിറങ്ങുന്ന ക്രിക്കറ്റ് ടീമിനോട്  വ്യോമസേനയെ  ഉപമിച്ച് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ

കളിക്കാരില്ലാതെ മൽസരത്തിനിറങ്ങുന്ന ക്രിക്കറ്റ് ടീമിനോട്  വ്യോമസേനയെ  ഉപമിച്ച് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ

ന്യൂഡൽഹി: കളിക്കാരില്ലാതെ മൽസരത്തിനിറങ്ങുന്ന ക്രിക്കറ്റ് ടീമിനോട്  വ്യോമസേനയെ  ഉപമിച്ച് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. പതിനൊന്നു കളിക്കാർക്കുപകരം ഏഴുപേരെക്കൊണ്ടു ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണു വ്യോമസേനയുടേത്.  ഭീകരാക്രമണമുണ്ടായാലോ പാക്കിസ്ഥാനെതിരെ ആക്രമണം നടത്താനോ വ്യോമസേന തയാറാണ്. എന്നാൽ അതിനിയും കേന്ദ്രസർക്കാർ പരീക്ഷിക്കേണ്ട ഒന്നാണ്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ധനോവയുടെ പ്രതികരണം.

സർക്കാർ ആവശ്യപ്പെട്ടാൽ മാവോയിസ്റ്റുകൾക്കെതിരെയും ആക്രമണം നടത്താൻ വ്യോമസേന തയാറാണ്. യുദ്ധത്തിൽ ശക്തനായ പങ്കാളിയാകുന്നതിനു 42 സ്ക്വാഡ്രൺ ആണ് വ്യോമസേനയ്ക്ക് ആവശ്യം. എന്നാൽ ഇപ്പോൾ 32 സ്ക്വാഡ്രൺ മാത്രമാണ് ഉള്ളത്. 11 കളിക്കാർക്കു പകരം ഏഴുപേരെ ഉപയോഗിച്ചു ക്രിക്കറ്റ് കളിക്കുന്നതിനു തുല്യമാണിത്. വ്യോമസേനയുടെ ശക്തി വർധിപ്പിച്ചാൽ ഏതു സാഹചര്യത്തിലും വ്യോമമേഖലയിൽ പ്രഥമസ്ഥാനത്തെത്താൻ സാധിക്കുമെന്നും ധനോവ പറയുന്നു.

എത്ര ഹീനമായ പ്രവർത്തികളെയും ഭീകരാക്രമണത്തെയും നേരിടാൻ വ്യോമസേന ഉപയോഗിക്കണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എന്തിനും വ്യോമസേന തയാറാണ്. കരസേനയ്ക്കും പൊലീസിനുമെല്ലാം വിവരങ്ങളെത്തിക്കുകയെന്നതു വ്യോമസേനയെ സംബന്ധിച്ച് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണ ഭീഷണിയുണ്ടായാൽ തിരിച്ചടിക്കുന്നതിൽനിന്നു തങ്ങളൊരിക്കലും പിന്നോട്ടുപോകില്ല. ഏതു പൊസിഷനിൽനിന്നു വേണമെങ്കിലും പോരാടാൻ സാധിക്കും – ധനോവ വ്യക്തമാക്കി.