സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടിയിലാക്കി എത്തിച്ചത് വിവാദത്തിൽ

സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടിയിലാക്കി എത്തിച്ചത് വിവാദത്തിൽ

ന്യൂ‍ഡൽഹി:  ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കാർഡ് ബോർഡ് പെട്ടിയിലാക്കി എത്തിച്ചതിനെതിരെ പ്രതിഷേധം . അരുണാചൽ പ്രദേശിലെ തവാങ്ങിൽ രണ്ടു ദിവസം മുൻപുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു കാർഡ് ബോർഡിൽ എത്തിച്ചത് വിവാദത്തിൽ.

വെള്ളിയാഴ്ച ഐഎഎഫ് എംഐ-17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

ലഫ്റ്റനന്റ് ജനറൽ (റിട്ട) എച്ച്.എസ്. പനാഗ് ഇതിനെതിരെ രംഗത്തെത്തി. മാതൃരാജ്യത്തെ സേവിക്കാൻ ഏഴു ചെറുപ്പക്കാർ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവർ തിരിച്ചുവന്നത് – പനാഗ് ട്വീറ്റ് ചെയ്തു. രണ്ടു പൈലറ്റുമാരുൾപ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണു മരിച്ചത്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ എത്തിക്കാൻ പര്യാപ്തമായ സംവിധാനങ്ങൾ പ്രാദേശികമായി ലഭിക്കാതെ വന്നതാണ് ഇത്തരമൊരു സാഹചര്യത്തിന് ഇടയാക്കിയതെന്നാണു സേനയുടെ വിശദീകരണം.

'സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണം' സൈനിക വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, ബോഡി ബാഗുകളിലോ തടിപ്പെട്ടികളിലോ ശവപ്പെട്ടികളിലോ മൃതദേഹങ്ങൾ എത്തിച്ചുകൂടായാരുന്നോ എന്ന് സേനയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ കേണൽ അമാൻ ആനന്ദ് ചോദിക്കുന്നു. കൊല്ലപ്പെട്ട ജവാന്മാർക്ക് എല്ലാ സൈനിക ബഹുമതികളും ഉറപ്പുവരുത്തേണ്ടതാണ്. മൃതദേഹങ്ങൾ ബോഡി ബാഗിലോ തടിപ്പെട്ടി, ശവപ്പെട്ടികളിലോ വേണം എത്തിക്കാനെന്നും അദ്ദേഹം പറയുന്നു. എന്നാൽ സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരത്തിലുള്ള ഇവിടെ ഹെലിക്കോപ്റ്ററുകൾക്ക് ആറു ശവപ്പെട്ടികൾ താങ്ങാൻ സാധിക്കില്ല. അതിലാണു ലഭ്യമായ സംവിധാനങ്ങളിൽ മൃതദേഹങ്ങളെത്തിച്ചതെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. ഗുവാഹത്തി സൈനികാശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഉടൻതന്നെ തടിപ്പെട്ടികളിലേക്കു മാറ്റിയിരുന്നു.

നടപടിയെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട്, നടന്നതു വലിയ ചട്ടലംഘനമാണെന്നു സൈന്യം ഔദ്യോഗികമായി അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു.

യാങ്‌സ്റ്റേയിലെ സൈനിക കാമ്പില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ വെള്ളിയാഴ്ച്ചയാണ് ഹെലികോപ്ടര്‍ യാത്രപുറപ്പെട്ടത്. പൈലറ്റ്, സഹ പൈലറ്റ്, ഫ്‌ലൈറ്റ് എന്‍ജിനിയര്‍, രണ്ട് പട്ടാളക്കാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.