നായയെ ജീവനോടെ ടാറിട്ട്  മൂടി റോഡ് നിർമാണം

നായയെ ജീവനോടെ ടാറിട്ട്  മൂടി റോഡ് നിർമാണം

നായയെ ജീവനോടെ ടാറിട്ട്  മൂടി റോഡ് നിര്‍മ്മിച്ചു. ആഗ്രയിലെ ഫത്തേബാദ് റോഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. റോഡരികില്‍ കിടക്കുകയായിരുന്ന നായക്ക്  മുകളിലൂടെ തിളച്ച ടാര്‍ ഒഴിച്ച് റോഡ് ടാര്‍ ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിര്‍മ്മാണ കമ്പനിയ്ക്ക് പി.ഡബ്ല്യു.ഡി  നോട്ടീസ് അയച്ചിട്ടുണ്ട്. 


ആക്ടിവിസ്റ്റായ ഗോവിന്ദ പരഷറാണ് പി.ഡബ്ല്യു.ഡിയ്ക്ക് പരാതി നല്‍കിയത്. നാട്ടുകാർ നോക്കി നിൽക്കെയാണ് സംഭവം. നാട്ടുകാര്‍ ഇടപെടുമ്പോഴേക്കും പട്ടിയുടെ ശരീരം പകുതിയോളം മൂടിയ നിലയിലായിരുന്നു. തിളച്ച ടാര്‍ റോഡില്‍ ഒഴിക്കുന്നതുവരെ നായയ്ക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിളച്ച ടാര്‍ ശരീരത്തില്‍ ഒഴിച്ചപ്പോള്‍ നായ വേദനകൊണ്ട് പുളഞ്ഞിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 

എന്നാൽ റോഡിൽ നായ കിടന്നത് കണ്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നായയുടെ ശരീരാവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്നും നീക്കി.