അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്കു വ്യോമപാത യാഥാർഥ്യമായി; പാകിസ്ഥാന് തിരിച്ചടിയായ തീരുമാനം 

അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്കു വ്യോമപാത യാഥാർഥ്യമായി; പാകിസ്ഥാന് തിരിച്ചടിയായ തീരുമാനം 

കാബുൾ;    പാക്കിസ്ഥാനു കനത്ത തിരിച്ചടി നൽകി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ ആദ്യ ചരക്കു വ്യോമപാത യാഥാർഥ്യമായി. കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ചരക്കുവിമാനം അഫ്ഗാന്‍– ഇന്ത്യ വ്യോമപാതയിലൂടെ തിങ്കളാഴ്ച സർവീസ് ആരംഭിച്ചു.  പുതിയ പാതയിലെ ആദ്യവിമാന സർവീസിന്റെ ഉദ്ഘാടനം അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി നിർവഹിച്ചു.

കയറ്റുമതി രാജ്യമായി മാറുകയാണു അഫ്ഗാന്റെ ലക്ഷ്യമെന്ന് അഷ്റഫ് ഗനി പറഞ്ഞു. 60 ടൺ ഔഷധസസ്യങ്ങളാണ് ആദ്യവിമാനത്തിൽ ഉണ്ടായിരുന്നത്. അഞ്ചു മില്ല്യൺ ഡോളർ വിലവരും. പാക്കിസ്ഥാനു മുകളിലൂടെ പറക്കാതെ ചരക്കുവിമാനങ്ങള്‍ക്കു പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം എന്നതാണു മെച്ചം.

വ്യോമപാത യാഥാര്‍ഥ്യമായതില്‍ അഫ്ഗാന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നന്ദി അറിയിച്ചു. അഫ്ഗാന്‍ ചരക്കുകള്‍ക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പുരോഗതിക്കു നിർണായകമായ ചുവടുവയ്പാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ആഴ്ചയില്‍ ആറു വിമാനങ്ങളാണു ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് പറക്കുക.