തെലുങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ്

തെലുങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ്

ഹൈദരാബാദ്: തെലുങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഡിസംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ബിജെപി നേതാവ് രാജാസിങ്ങ് ആണ് ഇത്തരത്തില്‍ അറിയിച്ചത്.
ഭാരതീയ ജനതാ പാര്‍ട്ടി തെലുങ്കാനയില്‍ അധികാരത്തില്‍ എത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. രണ്ടാമത് ഈ പേരുകള്‍ മാറേണ്ടതാണ്.രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളുകളുടെ പേരാണ് ഇതിന് നല്‍കേണ്ടതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

16ാം നൂറ്റാണ്ടില്‍ പ്രദേശം ഭരിച്ച് ഖുതുബ് ഷാഹിസ് ആണ് ഭാഗ്യനഗറിന്റെ പേര് ഹൈദരാബാദ് എന്നാക്കി മാറ്റുകയായിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നാണ് തെലങ്കാനയുടെ തലസ്ഥാനം കൂടിയായ ഹൈദരാബാദ്. ഹൈദരാബാദിന് പിന്നാലെ സെക്കന്ദരാബാദ്, കരീം നഗര്‍ എന്നീ പേരുകളും ഇത്തരത്തില്‍ മാറ്റിയതാണെന്നും രാജാ സിങ്ങ് അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ഫൈസിയാബാദിന്റെ പേരു മാറ്റി അയോധ്യയെന്നാക്കുമെന്നും ഗുജറാത്തിലെ അഹമ്മദാബാദിന്റെ പേര് മാറ്റണമെന്ന് പ്രാദേശിക നേതാക്കളും ആവശ്യമുന്നയിച്ചിരുന്നു. പിന്നാലെയാണ് ഹൈദരാബാദിന്റെ പേരുമാറ്റണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.