ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിനെ തുടര്‍ന്ന് നേതാവ് കോണ്‍ഗ്രസിലെത്തി സ്ഥാനാര്‍ഥിയായി

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിനെ തുടര്‍ന്ന് നേതാവ് കോണ്‍ഗ്രസിലെത്തി സ്ഥാനാര്‍ഥിയായി

ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സര്‍താജ് സിങ് കോണ്‍ഗ്രസിലെത്തി സ്ഥാനാര്‍ഥിയായി.കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ട അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സര്‍താജ് സിങ് ഇടംപിടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സര്‍താജ്. നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന് നിരാശനായാണ് അദ്ദേഹം ബിജെപി വിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

1998-ലെ വാജ്‌പേയി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു അദ്ദേഹം.അന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന അര്‍ജുന്‍ സിങ്ങിനെ അട്ടിമറിച്ചാണ് ലോക്‌സഭയിലെത്തിയത്. സംസ്ഥാന മന്ത്രിസഭയിലും നിരവധി തവണ അദ്ദേഹം ഉണ്ടായിരുന്നു. ബിജെപി 75 വയസിന്റെ പ്രയപരിധി മാനദണ്ഡം നിശ്ചയിച്ചതിനെ തുടര്‍ന്ന് 2016-ല്‍ അദ്ദേഹത്തിന് മധ്യപ്രദേശ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു.