ഡിജിറ്റല്‍ ഇന്ത്യയല്ല ; ഇത് ബാലവിവാഹങ്ങളുടെ നാട്

ഡിജിറ്റല്‍ ഇന്ത്യയല്ല ; ഇത് ബാലവിവാഹങ്ങളുടെ നാട്

ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ലോകത്ത് നടക്കുന്ന ബാലവിവാങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ്. പതിനെട്ട് തികയും മുമ്പ് നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 10.3 കോടിയാണെന്നും ആക്ഷന്‍ എയ്ഡ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൗമാരപ്രായത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം 8.5 കോടിയാണ്. ഒരു മിനിട്ടില്‍ 28 ബാല വിവാഹങ്ങളെങ്കിലും ലോകത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടെണ്ണം എങ്കിലും ഇന്ത്യയിലാണ്. ഫിലിപ്പെന്‍സ്, ജര്‍മ്മനി രാഷ്ട്രങ്ങളുടെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ബാലവിവാഹങ്ങള്‍.

ഇന്ത്യയില്‍ നടക്കുന്ന 75 ശതമാനം ബാലവിവാഹങ്ങളും, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍,രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. പുരുഷമേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഗോത്രഭരണ വ്യവസ്ഥയാണ് ഈ നൂറ്റാണ്ടിലും ബാലവിവാഹങ്ങള്‍ക്കു കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു.

വെറുമൊരു മനുഷ്യാവകാശ ലംഘനമായി മാത്രം ഇതിനെ കാണരുതെന്ന് ജെ.എന്‍.യു സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീനിവാസ് ഗോലി ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. രാജ്യത്തിന്റെ ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരത്തിനു തന്നെ ഭാവിയില്‍ കനത്ത തിരിച്ചടി നല്‍കിയേക്കാവുന്ന ഒന്നാണിത്. രാജ്യത്തെ യുവജനങ്ങളുടെ തൊഴില്‍ ശക്തിയെയാണ് ഇത് പ്രതികൂലമായി ബാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.