100 കോടി ചെലവിട്ട് സ്വീകരണം; അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ട്രംപ് - മോദി ഷോയാക്കി സർക്കാർ

100 കോടി ചെലവിട്ട് സ്വീകരണം; അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ട്രംപ് - മോദി ഷോയാക്കി സർക്കാർ

ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും ഇന്ന് ഇന്ത്യയിൽ എത്തും. രാവിലെ 11.40 നാണ് ട്രംപ് ഇന്ത്യയിൽ എത്തുക. ട്രംപിനെ സ്വീകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.15 ഓടെ അഹമ്മദാബാദിൽ എത്തി. 100 കോടിയോളം രൂപ ചെലവിട്ടാണ് ട്രംപിനെ വരവേൽക്കാൻ ഇന്ത്യ ഒരുങ്ങിയിരിക്കുന്നത്.

ട്രംപ് സഞ്ചരിക്കുന്ന റോഡിനു സമീപമുള്ള ചേരികളെ മറച്ചുകൊണ്ടുള്ള മതിൽ നിർമ്മാണത്തോടെയാണ് ട്രംപിനെ വരവേൽക്കാനുള്ള പരിപാടികൾക്ക് ഇന്ത്യ തുടക്കമിട്ടത്. ആദ്യം ആറടി ഉയരത്തിൽ ചേരികൾ ട്രംപ് കാണാതിരിക്കാൻ നിർമിക്കാൻ തുടങ്ങിയ മതിലുകൾക്കെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ മതിലിന്റെ ഉയരം നാല് അടിയാക്കി കുറച്ചു. എങ്കിലും കാറിൽ സഞ്ചരിക്കുമ്പോൾ ചേരികൾ കാണാനാവില്ല. അതോടൊപ്പം തന്നെ ചേരികളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായി. 

ഇന്ത്യ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് അല്ല ഡൊണാൾഡ് ട്രംപ്. ബിൽ ക്ലിന്റണും, ജോർജ്ജ് ബുഷും, ബരാക് ഒബാമയുമെല്ലാം നേരത്തെ തന്നെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഒബാമ പ്രെസിഡന്റ്റ് ആയിരിക്കെ രണ്ടു തവണയും എത്തിയിരുന്നു. അമേരിക്കൻ തലവന്മാരെ കൂടാതെ വിവിധ രാഷ്ട്ര തലവന്മാരും നിരവധി തവണ ഇന്ത്യയിൽ എത്തിയിരുന്നു. എന്നാൽ അന്നൊന്നും കാണാത്ത ഒരുക്കമാണ് ട്രംപിനായി നടത്തിയിരിക്കുന്നത്.

സന്ദർശനത്തിന് അപ്പുറം ഒരു ഇവൻറ് ആയോ മേള ആയോ ഒക്കെയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ സാധാരണ രാജ്യതലവന്മാർ എത്തുമ്പോൾ വലിയ കരാറുകൾ ഒപ്പിടാറുണ്ട്. എന്നാൽ വലിയ വ്യാപാര കരാർ ഈ സന്ദർശനത്തിൽ ഉണ്ടാകില്ലെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. വ്യാപാര രംഗം മെച്ചപ്പെടുന്ന തരത്തിലുള്ള ഒരു കരാറും ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.

അതായത് നൂറ് കോടിയോളം രൂപ ചെലവിൽ നടത്തുന്ന ഈ സന്ദർശന മേള കേവലം ഷോ മാത്രമായി ചുരുങ്ങുകയാണ്. ആൾകൂട്ടം ഒരു ദൗർബല്യമായ ട്രംപിനെയും മോദിയുടെയും ഷോ മാത്രമാകും ഈ സന്ദർശനം. അതേസമയം ഇത്രയധികം തുക ചിലവഴിക്കുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ആണോ മറ്റു സംഘടനകളോ ആണോ എന്നും കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.