കോങ്കണ്ണിന് യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ കാഴ്ച തകരാർ വരെ എത്താം

 കോങ്കണ്ണിന് യഥാസമയം ചികിത്സ നൽകിയില്ലെങ്കിൽ കാഴ്ച തകരാർ വരെ എത്താം

 കോങ്കണ്ണിന് യഥാസമയം പരിഹാരം കണ്ടില്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ കാഴ്ച തകരാർ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും . സാധാരണയായി ഒരു വസ്‌തുവിനെ നോക്കുമ്പോള്‍ ഇരു കണ്ണുകളും ആ വസ്‌തുവിനെ കേന്ദ്രീകരിക്കുന്നു.കണ്ണുകളെ ചലിപ്പിക്കുന്ന ഓകുലാര്‍ പേശികളുടെ പ്രവര്‍ത്തനം മൂലമാണ്‌ ഇതു സാധ്യമാകുന്നത്‌. എന്നാല്‍ ഈ പേശികളില്‍ ഏതെങ്കിലുമൊന്ന്‌ ബലഹീനമാകുമ്പോള്‍ രണ്ടു കണ്ണുകളുടെയും ദൃഷ്‌ടി ഒരേ ദിശയിലേക്ക്‌ വരാതെ ഒന്ന്‌ ചരിഞ്ഞു പോകുന്നതാണ്‌ കോങ്കണ്ണ്‌ അഥവാ സ്‌ക്വിന്റ്‌.

 

ഇങ്ങനെ സ്‌ഥിരമായി ചരിഞ്ഞിരുന്നാല്‍ കണ്ണിന്റെ കാഴ്‌ച ബോധതലത്തില്‍ ലഭിക്കുകയില്ല. ഈ കണ്ണ്‌ 'അലസ കണ്ണ്‌' അല്ലെങ്കില്‍ മടിയന്‍ കണ്ണ്‌ എന്ന പ്രതിഭാസത്തിലേക്ക്‌ മാറുകയും കാഴ്‌ച നഷ്‌ടമാവുകയും ചെയ്യുന്നു. ഇവരില്‍ തകരാറില്ലാത്ത കണ്ണിനു മാത്രമേ കാഴ്‌ചശക്‌തി ഉണ്ടായിരിക്കുകയുള്ളൂ.
ഇരു കണ്ണുകളിലേയും കൃഷ്‌ണമണികളുടെ ദിശ രണ്ടു വശങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നതാണ്‌ കോങ്കണ്ണിന്റെ മുഖ്യ ലക്ഷണം. വസ്‌തുക്കളെ രണ്ടായി കാണുക, പ്രത്യേകവിധത്തില്‍ തലപിടിക്കുക, തലകറക്കം എന്നീ ലക്ഷണങ്ങള്‍ ഇതോടൊപ്പം കാണപ്പെടാം.

കോങ്കണ്ണ്‌ പലവിധം
നയനപേശികള്‍ക്ക്‌ തളര്‍ച്ചയുണ്ടാകാത്തയിനം കോങ്കാണ്ണാണ്‌ കൂടുതലായി കാണപ്പെടുന്നത്‌. ഇത്തരം കോങ്കണ്ണുള്ളവര്‍ ഏതുവശത്തേക്ക്‌ നോക്കിയാലും കോങ്കണ്ണ്‌ പ്രകടമായിരിക്കും.

ഇതു പലരിലും ജനിച്ച്‌ ആറു മാസത്തിനുള്ളില്‍ കാണപ്പെടും. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി കാണപ്പെടുകയും ചെയ്യുന്നു.


നയനപേശികള്‍ക്ക്‌ ഉണ്ടാവുന്ന തളര്‍ച്ചയുടെ ഫലമായിയുണ്ടാകുന്ന കോങ്കണ്ണാണ്‌ മറ്റൊന്ന്‌.

ഇവിടെ നയനപേശികള്‍ക്ക്‌ ബലക്ഷയം നേരിടുന്നു. ഇതിനു കാരണം പലതായിരിക്കും. മുറിവുകളോ, ചതവുകളോ, മറ്റു രോഗങ്ങളോ ആയിരിക്കാം കാരണം.

നയനപേശികള്‍ക്ക്‌ ശക്‌തി നല്‍കുന്ന ഞരമ്പുകള്‍ക്കുണ്ടാകുന്ന മുറിവുകള്‍, മറ്റു തകരാറുകള്‍ തുടങ്ങിയവ നയനപേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അതിന്റെ ഫലമായി കോങ്കണ്ണ്‌ ഉണ്ടാവുകയും ചെയ്യുന്നു.

ഏതു നേത്രപേശികള്‍ക്കാണോ തകരാര്‍ സംഭവിച്ചിരിക്കുന്നത്‌ ആ പേശി ചലിക്കേണ്ട ഭാഗത്തേക്കു നോക്കുമ്പോള്‍ മാത്രമായിരിക്കും കോങ്കണ്ണ്‌ പ്രകടമാവുക. മറ്റു ഭാഗങ്ങളിലേക്കു നോക്കുമ്പോള്‍ കോങ്കണ്ണ്‌ പ്രകടമാകുന്നില്ലായെന്നുള്ളത്‌ ഇത്തരം കോങ്കണ്ണിന്റെ പ്രത്യേകതയാണ്‌.

ചികിത്സ വൈകരുത്‌

പേശീക്ഷയം മൂലം തളര്‍ച്ച ബാധിച്ചയിനത്തില്‍ ആ പ്രത്യേകദിശയിലേക്കു നോക്കുമ്പോള്‍ മാത്രമായിരിക്കും കോങ്കണ്ണ്‌ പ്രകടമാവുക. രോഗം നേരത്തെ മനസിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ദൃഷ്‌ടിയിലുണ്ടാവുന്ന നേരിയ വ്യത്യാസങ്ങള്‍പോലും മനസിലാക്കുകയും പരിശോധിക്കുകയും വേണം. കുടുംബത്തില്‍ കോങ്കണ്ണ്‌ പാരമ്പര്യമുള്ളതായി അറിയുകയാണെങ്കില്‍ ഇടവിട്ടുള്ള പരിശോധനകള്‍ നടത്തുന്നതു നല്ലതാണ്‌.

നേത്രരോഗവിദഗ്‌ധന്റെ പരിശോധനയിലൂടെ കോങ്കണ്ണ്‌ രോഗം മനസിലാക്കാവുന്നതാണ്‌. അടിസ്‌ഥാന കാരണമെന്തെന്നു മനസിലാക്കാന്‍ മറ്റു ചില പരിശോധനകള്‍ ആവശ്യമാണ്‌.

ലബോറട്ടറി പരിശോധനകളും എക്‌സ്റേ പരിശോധനകളും മറ്റും പേശി തളര്‍ച്ചയുണ്ടാക്കിയ കാരണം മനസിലാക്കാന്‍ ചെയ്യേണ്ടതുണ്ട്‌. ഇതിനെ ആശ്രയിച്ചാണ്‌ ചികിത്സ നിശ്‌ചയിക്കുന്നത്‌.

ചികിത്സ എങ്ങനെ
കുട്ടികളില്‍ കോങ്കണ്ണ്‌ ഉണ്ടെന്ന്‌ മനസിലായാല്‍ ചികിത്സ വൈകാതിരിക്കുക. യഥാസമയം ചികിത്സി സ്വീകരിച്ചാല്‍ അന്ധതപോലുള്ള സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ആധുനികയുഗത്തില്‍ കോങ്കണ്ണിന്‌ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്‌.

ചില കുട്ടികളില്‍ മരുന്നുകൊണ്ട്‌ കോങ്കണ്ണ്‌ പരിഹരിക്കാം. മരുന്നുകൊണ്ടു ശരിയായില്ലെങ്കില്‍ കണ്ണട ഉപയോഗിക്കണം. കോങ്കണ്ണ്‌ പരിഹരിക്കാന്‍ ഫലപ്രദമായ ശസ്‌ത്രക്രിയയുണ്ട്‌. ഏതു പ്രായത്തിലുമുള്ളവര്‍ക്കും ഈ ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌.

എങ്കിലും രണ്ടു വയസിനു മുന്‍പ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. കാരണം ഈ പ്രായത്തില്‍ ചെയ്‌താലെ കാഴ്‌ചശക്‌തി ലഭിക്കൂ. പ്രായം കൂടുംന്തോറും സങ്കീര്‍ണ്ണതയ്‌ക്കുള്ള സാധ്യത വര്‍ധിക്കും. 20 മിനിറ്റ്‌ നീണ്ടുനില്‍ക്കുന്ന ശസ്‌ത്രക്രിയയാണ്‌.

ചിലര്‍ക്ക്‌ ആദ്യ ശസ്‌ത്രക്രിയയില്‍ തന്നെ രോഗം പൂര്‍ണമായി മാറും. എന്നാല്‍ ചിലര്‍ക്ക്‌ മൂന്ന്‌ ശസ്‌ത്രക്രിയകള്‍ ആവശ്യമായി വരും. ശസ്‌ത്രക്രിയക്കു ശേഷം രണ്ടാഴ്‌ച വിശ്രമിക്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത്‌ വായന, ടി.വി കാണുക, കളി തുടങ്ങിയവ ഒഴിവാക്കുക.