എന്താണ്  പോളി ആര്‍ത്രൈറ്റിസ് ?

എന്താണ്  പോളി ആര്‍ത്രൈറ്റിസ് ?

ഏതുപ്രായക്കാരിലും ഉണ്ടാകാവുന്ന രോഗമാണ് ആര്‍ത്രൈറ്റിസ്. രോഗകാരണങ്ങളുടെയും ലക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ പലതരത്തിലുണ്ട്. വാതരോഗങ്ങള്‍ അഞ്ചോ അതില്‍ കൂടുതലോ സന്ധികളില്‍ ഉണ്ടായാല്‍ അതിനെ പോളി ആര്‍ത്രൈറ്റിസ് എന്നു പറയാം. പോളി ആര്‍ത്രൈറ്റിസ് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. അതുകൊണ്ട് തന്നെ രോഗികളില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ക്കും വ്യത്യാസമുണ്ടാകും. പോളി ആര്‍ത്രൈറ്റിസ് പ്രധാനമായും രണ്ട് തരത്തിലുണ്ടാകാം. പോളി ആര്‍ത്രൈറ്റിസ് ഒരു അക്യൂട്ട് എപ്പിസോഡായി പ്രത്യക്ഷപ്പെടാം.  അതായത് രണ്ട് ആഴ്ചയില്‍ കുറഞ്ഞ ദൈര്‍ഘ്യമാണ് അക്യുട്ട് എപ്പിസോഡില്‍ ഉണ്ടാകുക. അല്ലെങ്കില്‍ ക്രോണിക് എപ്പിസോഡായും പ്രത്യക്ഷപ്പെടാം. ഇത് ആറ് ആഴ്ചയില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.

1. വേദന 
2. പിരിമുറുക്കം 
3. ആര്‍ത്രൈറ്റിസ് അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ നീര്‍വീക്കം 
4. ഊര്‍ജം നഷ്ടപ്പെടുന്നതു പോലുള്ള തോന്നല്‍ 
5. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക 
6. വിയര്‍ക്കുക 
7. ചൊറിച്ചില്‍ അനുഭവപ്പെടുക 
8. അപ്രതീക്ഷിതമായി ശരീരഭാരം കുറയുക 
9. വിശപ്പില്ലായ്മ

 

പോളി ആര്‍ത്രൈറ്റിസ് മൂലം സന്ധികളില്‍ വേദന, നീര്‍ക്കെട്ട്, പിരിമുറുക്കം എന്നിവ ഉണ്ടാകാനിടയുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചില രോഗികള്‍ക്ക് സന്ധികളില്‍ ശക്തമായ പിരിമുറുക്കം ഉണ്ടായെന്നു വരാം. അത് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാനും സാധ്യതയുണ്ട്.

ചില രോഗികളില്‍ സന്ധിവേദനയോടൊപ്പം പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. രോഗകാരണങ്ങള്‍ക്കനുസരിച്ച്‌ ഓരോ വ്യക്തിക്കും ലക്ഷണങ്ങളും ചിലപ്പോള്‍ വ്യത്യാസപ്പെടാം.

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്‌എല്‍ഇ, പോളി മയോസൈറ്റിസ്, മിക്സ്ഡ് കണക്ടീവ് ടിഷ്യൂ ഡിസീസ്, ക്രോണിക് പോളി ആര്‍ട്ടികുലര്‍ ഗൗട്ട് തുടങ്ങിയവയും പോളി ആര്‍ത്രൈറ്റിസ് ഉണ്ടാകാന്‍ ഇടയാക്കും.

ജീവിതശൈലിയിലെ മാറ്റങ്ങളും ഒരു പരിധി വരെ പോളി ആര്‍ത്രൈറ്റിസിനു കാരണമാകുന്നുണ്ട്. പുകവലി, മദ്യപാനം, കഫൈന്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ പോളി ആര്‍ത്രൈറ്റിസിനു കാരണമാകാം. ജീവിതരീതിയിലെ മാറ്റങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളും പോളി ആര്‍ത്രൈറ്റിസിനുള്ള സാധ്യത വര്‍ധിപ്പിക്കും.

 

അഞ്ചില്‍ കൂടുതല്‍ സന്ധികളില്‍ വാതരോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. മുപ്പത് മിനിറ്റില്‍ കൂടുതല്‍ സന്ധികളില്‍ പിരിമുറുക്കം നിലനില്‍ക്കുകയാണെങ്കില്‍ പോളി ആര്‍ത്രൈറ്റിസിന്റെ ലക്ഷണമായി കണക്കാക്കാം. അതോടൊപ്പം സന്ധികളില്‍ നീര്‍വീക്കവും അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടതുണ്ട്.

സന്ധികളിലെ വേദന ദൈനംദിന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഇക്കാര്യങ്ങളെല്ലാം മൂന്നു ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉറപ്പായും ചികിത്സ ആവശ്യമാണ്. ചര്‍മ്മം, കണ്ണുകള്‍, ശ്വാസകോശം തുടങ്ങിയ മറ്റ് അവയവങ്ങളെയും പോളി ആര്‍ത്രൈറ്റിസ് ബാധിച്ചേക്കാം.

അതുകൊണ്ട് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പൂര്‍ണപരിശോധനയ്ക്ക് വിധേയമാകണം. രക്തപരിശോധന, എക്സറേ, സന്ധികളുടെ അള്‍ട്രാസൗണ്ട് എന്നിവ രോഗനിര്‍ണയത്തിനായി നിര്‍ദേശിക്കാറുണ്ട്. ഇവയിലൂടെ പോളി ആര്‍ത്രൈറ്റിസ് തിരിച്ചറിയാനാകും.

വൈറല്‍ ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള ചില വാതരോഗങ്ങള്‍ കുറച്ചു ദിവസത്തെ ചികിത്സ കൊണ്ട് പരിഹരിക്കപ്പെട്ടെന്നു വരാം. എന്നാല്‍ ചില വാതരോഗങ്ങള്‍ ഉദാഹരണത്തിന് എസ്‌എല്‍ഇ . നീണ്ടകാലം മരുന്ന് കഴിക്കേണ്ടി വന്നേക്കാം. കൂടാതെ സന്ധികള്‍ക്ക് നീര്‍വീക്കമുണ്ടോ, സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്.

 

നീര്‍വീക്കവും വേദനയും അനുഭവപ്പെടുന്നതിന്‍റെ കാരണം തിരിച്ചറിയുന്നതിന് എക്സറേ സഹായിക്കും. മരുന്നു ചികിത്സയോടൊപ്പം ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും പോളി ആര്‍ത്രൈറ്റിസിനുള്ള ചികിത്സയില്‍ ഉള്‍പ്പെടുന്നു.

ഭക്ഷണക്രമം, വ്യായാമം, ജീവിതരീതി ഇവയിലൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടത് ചികിത്സയുടെ ഭാഗമാണ്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ നല്‍കുന്നതോടൊപ്പം ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കേണ്ടതുണ്ട്.

പോളി ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദനയും സന്ധികളിലെ പിരിമുറുക്കവും കുറയ്ക്കാന്‍ ഫിസിയോതെറാപ്പി നല്‍കാറുണ്ട്. വ്യായാക്കുറവ് ഉള്ളവരില്‍ വ്യായാമം ശീലമാക്കുന്നതിനായി നടത്തം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളും നിര്‍ദേശിക്കാറുണ്ട്.

 

സന്ധികള്‍ക്ക് ദോഷം വരുത്താത്ത രീതിയിലുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രോഗിയുടെ ആരോഗ്യസ്ഥിതിയും രോഗകാരണങ്ങളും ലക്ഷണങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള വ്യായാമമുറകള്‍ ആയിരിക്കണം.

ഇവയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ അല്ലെങ്കില്‍ ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതാണ് ഉചിതം.

വ്യായാമങ്ങള്‍ ഓരോ വ്യക്തിയെ ആശ്രയിച്ച്‌ വ്യത്യാസപ്പെടാം. സ്വയം വ്യായാമങ്ങള്‍ സ്വീകരിക്കുന്നത് ഉചിതമല്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക.

ഏത് രോഗങ്ങള്‍ക്കും ശരിയായ രോഗനിര്‍ണയമാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിഞ്ഞാലുടന്‍ ചികിത്സ ആരംഭിക്കാന്‍ ശ്രമിക്കുക.