എച്ച് ഐ വി ബാധിതര്‍ക്ക് പ്രതീക്ഷയേകി പുതിയ വാക്സിന്‍ കണ്ടെത്തി

എച്ച് ഐ വി ബാധിതര്‍ക്ക് പ്രതീക്ഷയേകി പുതിയ വാക്സിന്‍ കണ്ടെത്തി
നാല് പതിറ്റാണ്ടുകളായി എച്ച് ഐ വി പ്രതിരോധ മരുന്നിനായി ഗവേഷകര്‍ തലപുകയ്ക്കുകയാണ്. പ്രതീക്ഷയേകുന്ന പുതിയ കണ്ടെത്തലുമായി ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ ഡാന്‍ ബറൗച്ച് എത്തിയിരിക്കുകയാണ്.'മൊസൈക്' എന്നുപേരിട്ടിരിക്കുന്ന വാക്‌സിന്‍ മനുഷ്യരിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍ അനുകൂലഫലമാണ് ലഭിച്ചതെന്ന് ലാന്‍സെറ്റ് ആരോഗ്യപ്രസിദ്ധീകരണം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
 
മനുഷ്യനിലെ എച്ച്.ഐ.വി.ക്ക് സമാനമായി കുരങ്ങുകളില്‍ കാണപ്പെടുന്ന വൈറസിനെ ഈ മരുന്നുപയോഗിച്ച് പ്രതിരോധിക്കാനായിരുന്നു ആദ്യശ്രമം. ലാബില്‍ 72 കുരങ്ങുകളില്‍ മരുന്നുപ്രയോഗിച്ചപ്പോള്‍ 67 എണ്ണത്തിന്റെയും വൈറസ് ബാധ പൂര്‍ണമായും മാറ്റാനായെന്ന് സംഘം അറിയിച്ചു. പ്രായപൂര്‍ത്തിയായ 393 മനുഷ്യരിലും 'മൊസൈക്' വാക്‌സിന്‍ പരീക്ഷിച്ചു.
 
മനുഷ്യശരീരത്തിലെ വൈറസിനെയും പ്രതിരോധിക്കാന്‍ ഈ വാക്‌സിന് സാധിക്കുമെന്ന് വ്യക്തമായി. സുപ്രധാന ചുവടുവെപ്പാണിത്. എന്നാല്‍, മനുഷ്യശരീരത്തില്‍ എച്ച്.ഐ.വി. വൈറസുകളെ പൂര്‍ണമായും പ്രതിരോധിക്കാന്‍ ഈ മരുന്നിനാകുമോ എന്നുറപ്പിക്കാനാവില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയിലെ 2,600 സ്ത്രീകളിലുംകൂടി മരുന്നുപരീക്ഷിക്കാന്‍ പദ്ധതിയുണ്ട്.
 
അടുത്ത പരീക്ഷണങ്ങളില്‍ വിജയം ഉറപ്പുപറയാനാവില്ലെന്നും ഗവേഷകസംഘം പറഞ്ഞു. പലതരത്തിലുള്ള എച്ച്.ഐ.വി. വൈറസുകളോട് പോരാടാന്‍ ശേഷിയുള്ളതിനാലാണ് 'മൊസൈക്' വാക്‌സിന്‍ എന്നുപേരിട്ടിരിക്കുന്നത്. അതേസമയം, വാക്‌സിന്‍ മനുഷ്യരില്‍ സുരക്ഷിതമായിരുന്നെന്നും അഞ്ചുപേരില്‍ വയറുവേദന, നടുവേദന തുടങ്ങിയ അനുബന്ധഫലം ഉണ്ടായതായും സംഘം അറിയിച്ചു.
 
ലോകത്താകമാനം 3.7 കോടി ആളുകള്‍ക്ക് എച്ച്.ഐ.വി./എയ്ഡ്‌സ് ബാധയുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം 18 ലക്ഷത്തോളം പേര്‍ക്ക് പുതുതായി എച്ച്.ഐ.വി. ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.