ചിരിച്ചു നേടാം ആരോഗ്യമുള്ള മനസ്സും ശരീരവും 

ചിരിച്ചു നേടാം ആരോഗ്യമുള്ള മനസ്സും ശരീരവും 

ചുറ്റിനുമുള്ളവർക്ക്ക്  ഒരു ചിരി  നൽകാൻ ഇനി മറക്കേണ്ട. ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ചിരിപ്പിക്കാന്‍ കഴിയുന്നവരെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ചിരിയുടെ സാമൂഹികവശം. ചിരി മനസ്സിനും ശരീരത്തിനും ഒട്ടേറെ ഗുണഫലങ്ങള്‍ തരുന്നു. ഹൃദയത്തിനും പ്രതിരോധസംവിധാനത്തിനുമാണ് കൂടുതല്‍ മെച്ചമുണ്ടാവുന്നത്. വിശ്രാന്തിക്കും മനസ്സംഘര്‍ഷം കുറയ്ക്കാനും ചിരിക്ക് തുല്യമായ മറ്റൊരു മരുന്നില്ലതന്നെ. 

ചിരിക്കുമ്പോള്‍ പ്രധാനമായി രണ്ട് ശാരീരികപ്രവര്‍ത്‌നങ്ങളാണ് നടക്കുന്നത്. രാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനം നാഡികള്‍ വഴി തലച്ചോറിലെത്തുന്നു. രണ്ടാമതായി എന്‍ഡോര്‍ഫിനുകള്‍, വേദന കുറയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കള്‍. മനഃക്ഷോഭം ശമിപ്പിക്കുന്ന ഔഷധങ്ങള്‍ സ്രവിപ്പിക്കുന്നു, ചിരിക്കുമ്പോള്‍ മുഖത്തെ 15 മാംസപേശികളണ് സങ്കോചിക്കുന്നത്. 

 

ചിരിക്കുമ്പോള്‍ ബീറ്റാ എന്‍ഡോര്‍ഫിന്‍, ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണ്‍ എന്നിവ യഥാക്രമം 27, 87 ശതമാനം ഉയരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വിഷാദം ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നവയാണ് ബീറ്റാ എന്‍ഡോര്‍ഫിനുകള്‍. എച്ച്.ജി.എച്ച്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കും.

അതുപോലെ ശരീരത്തിന് ദോഷകരമായ മൂന്ന് സ്ട്രസ് ഹോര്‍മോണുകളുടെ നില താഴ്ത്താനും പൊട്ടിച്ചിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോര്‍ട്ടിസോള്‍, എപിനെര്‍ഫിന്‍, ഡോപാക് എന്നിവയാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ക്ഷീണിപ്പിക്കുന്നവയാണ് സ്ട്രസ് ഹോര്‍മോണുകള്‍. കാലിഫോര്‍ണിയയിലെ ക്രെസ്റ്റ് ഹെല്‍ത്ത് റിസര്‍ച്ച് ഇൻസ്റ്റിട്യൂട്ടിൽ  ഡോ.ലീ ബെര്‍ക്കാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ചിരിമരുന്നു കൊണ്ട് നേടാം ഇവയൊക്കെ 

 രക്തസമ്മര്‍ദം നിയന്ത്രിക്കാം: ചിരി രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ്. നമ്മള്‍ ചിരിക്കുമ്പോള്‍ ആദ്യം രക്തസമ്മര്‍ദം ഉയരുന്നു. എന്നാല്‍ പിന്നീട് അത് താഴും. സാധാരണയില്‍ അല്പം താഴേയ്ക്ക് മര്‍ദം എത്തും. ഇതേത്തുടര്‍ന്ന് ഗാഢശ്വസനം നടക്കുന്നു. രക്തത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്താനും ഇത് സഹായിക്കുന്നു.

 

പ്രതിരോധ സംവിധാനം: ശരീരത്തില്‍ സ്ട്രസ് ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചുകഴിഞ്ഞാല്‍ അവ ശരീരത്തിലെ ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നു. ആന്റിബോഡികളാണ് രോഗാണുബാധയില്‍നിന്ന് ശരീരത്തെ ചെറുക്കുന്നത്. ചിരി സ്ട്രസ് ഹോര്‍മോണുകളെ കുറയ്ക്കുക വഴി ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ സഹായിക്കുന്നു.

 

ഹൃദയാരോഗ്യം: ചിരിക്കുമ്പോള്‍ ഹൃദയധമനികളുടെ ആന്തരികഭാഗം വികസിക്കുന്നു. ഇത് രക്തചംക്രമണത്തെ ത്വരപ്പെടുത്തുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകുന്നു

.

തലച്ചോറിന്റെ പ്രവര്‍ത്തനം: ചിരിക്കുമ്പോള്‍ തലച്ചോറിന്റെ എല്ലാ ഭാഗവും ഒരുപോലെ ഉത്തേജിപ്പിക്കപ്പെടുന്നു. പേശികളുടെ അയവിനും മനസ്സംഘര്‍ഷം കുറയ്ക്കുന്നതിനും ഈ പ്രവര്‍ത്തനം സഹായകമാകും. ഏകാഗ്രത വര്‍ധിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാനും സഹായിക്കും.
വ്യായാമത്തിന് പകരം വെക്കാം: ഉദരത്തിന്റെ ഡയഫ്രം, മുഖം, പുറത്തെ പേശികള്‍, അടിവയര്‍, കുടല്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് നല്‍കാവുന്ന ഉത്തമ വ്യായാമമാണ് പൊട്ടിച്ചിരി. ഇതുവഴി ഉദരാന്തര്‍ഭാഗത്തുണ്ടാകുന്ന ചലനങ്ങള്‍ ദഹനത്തെയും അതുവഴി പോഷകങ്ങളുടെ ആഗിരണത്തെയും സുഗമമാക്കുന്നു. അനാവശ്യമായ കലോറി എരിച്ചുകളയാനും ചിരിക്ക് കഴിയും.

മനസ്സിന്റെ ആരോഗ്യം: മനസ്സിന്റെ ഉന്മേഷം വര്‍ധിപ്പിക്കുന്നു. അതുവഴി കോപം, നിരാശ തുടങ്ങിയ വികാരങ്ങളെ കഴുകിക്കളയുന്ന ഔഷധമായി പ്രവര്‍ത്തിക്കുന്നു. ചിരി ശരീരം മുഴുവന്‍ ഇളകുന്ന ഒരു പ്രക്രിയയാണ്. നൂറുപ്രാവശ്യം ചിരിക്കുന്നത് എക്‌സര്‍സൈസ് ബൈക്കില്‍ 15 മിനിറ്റ് വ്യായാമം ചെയ്യുന്നതിനു തുല്യമാണ്. 20 സെക്കന്‍ഡ് ചിരിക്കുന്നത് മൂന്നുമിനിറ്റ് വഞ്ചി തുഴയുന്ന ഫലം ചെയ്യും.


അപ്പോൾ ഇനി മനസ്സ് തുറന്നു ചിരിക്കാൻ മറക്കേണ്ട.