പതിവായ വ്യായാമം ആര്‍ത്തവ വിരാമത്തിലെ വിഷമതകള്‍ കുറയ്ക്കും

പതിവായ വ്യായാമം ആര്‍ത്തവ വിരാമത്തിലെ വിഷമതകള്‍ കുറയ്ക്കും
അതിരാവിലെ ഉള്ള വ്യായാമം പെണ്‍കുട്ടികള്‍ക്ക് വളരെ നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യൗവ്വനത്തില്‍ അല്പം വിയര്‍പൊഴുക്കിയാല്‍ ഏറ്റവും പേടിപ്പെടുത്തുന്ന ആര്‍ത്തവ വിരാമസമയത്തെ വിഷമതകള്‍ കുറയ്ക്കാമെന്നാണ് പുതിയ പഠനം. ആര്‍ത്തവവിരാമകാലത്ത് സ്ത്രീകളില്‍ പൊക്കക്കുറവുണ്ടാകുന്നതായി നേരത്തേ നടന്ന രണ്ടു പഠനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
 
അഞ്ചു വര്‍ഷത്തിനിടയ്ക്ക് സ്ത്രീകളില്‍ ഒരു ഇഞ്ചോ അതിലധികമോ പൊക്കക്കുറവുണ്ടാകുന്നുണ്ടെന്ന് ആ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. കൗമാരത്തില്‍ പതിവായി വ്യായാമം ചെയ്ത സ്ത്രീകളില്‍ ആര്‍ത്തവിരാമഘട്ടത്തില്‍ 70 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന പൊക്കക്കുറവ് കുറയ്ക്കാനും കഴിയും.സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ പ്രൊഫസറായ ജീന്‍ വാക്ടാവ്‌സ്‌കിവെന്‍ഡേ, ബഫല്ലോ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് പ്രൊഫഷന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡീന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വംനല്‍കിയത്.
 
ആര്‍ത്തവം അവസാനിച്ച സ്ത്രീകളിലും പഠനം നടത്തി. കൗമാരപ്രായത്തില്‍ ആഴ്ചയില്‍ മൂന്നുനേരമെങ്കിലും വ്യായാമം ചെയ്താല്‍ പിന്നീടുള്ള ജീവിതത്തില്‍ അത് നിങ്ങളുടെ എല്ലുകളെ കൂടുതല്‍ ശേഷിയുള്ളവയാക്കും. ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് എല്ലുകളുടെ സുരക്ഷയ്ക്ക് സഹായിക്കുമെന്നുള്ളതാണ് ഇതിനു പിന്നിലെ രഹസ്യം. വിയര്‍ക്കുന്നതുവരെ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും.
 
പഠനത്തില്‍ പങ്കെടുത്തവരുടെ എല്ലുകളുടെ ബലം വര്‍ധിച്ചതായി കണ്ടെത്തി. വ്യായാമം ശരീരത്തിന്റെ ശക്തിയും സമതുലാവസ്ഥയും വര്‍ധിപ്പിക്കും. ഇവ രണ്ടും നട്ടെല്ലിന്റെ ക്ഷതവും മറ്റ് ഒടിവുകളും ഉണ്ടാകുന്നതില്‍ നിന്ന് തടയും. 1024 സ്ത്രീകളിലാണ് പഠനം നടത്തിയത്. 'മെനോപോസ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.