ഇതിപ്പോ എങ്ങോട്ട് നോക്കിയാലും ചക്ക തന്നെ! ചക്ക കഴിച്ച് മടുത്തുവെന്ന്  പറയുന്നവർ ഇതൊന്നു അറിഞ്ഞോളൂ- ചക്കയോളം വലിപ്പമുള്ള ഗുണങ്ങൾ

ഇതിപ്പോ എങ്ങോട്ട് നോക്കിയാലും ചക്ക തന്നെ! ചക്ക കഴിച്ച് മടുത്തുവെന്ന്  പറയുന്നവർ ഇതൊന്നു അറിഞ്ഞോളൂ- ചക്കയോളം വലിപ്പമുള്ള ഗുണങ്ങൾ

ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകള്‍ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വന്‍കുടലില്‍ ലൂബ്രിക്കേഷന്‍ (അയവ്)നിലനിര്‍ത്തുന്നു; മലബന്ധം തടയുന്നു. വന്‍കുടലില്‍ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം.

കുടലില്‍ വിഷമാലിന്യങ്ങള്‍ ഏറെനേരം തങ്ങിനില്‍ക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളന്‍ കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. ചക്കയിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഓക്സിജന്‍ ഫ്രീ റാഡിക്കലുകളില്‍ (ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളില്‍ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ ഡിഎന്‍എ ഘടന തകര്‍ക്കുന്നു; സാധാരണകോശങ്ങളെ കാന്‍സര്‍കോശങ്ങളാക്കി മാറ്റുന്നു) നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.

ഫ്രീ റാഡിക്കലുകളെ നിര്‍നീര്യമാക്കുന്നു; കോശത്തിലെ ഡിഎന്‍എയ്ക്ക് സംരക്ഷണം നല്‍കുന്നു. ശരീരത്തിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. വന്‍കുടല്‍, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാന്‍സര്‍സാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയില്‍നിന്നു ശരീരത്തിനു സംരക്ഷണം നല്‍കുന്നു. വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനത്തിനു സഹായകം.

ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെന്‍ഷന്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും ഫലപ്രദം. കാന്‍സര്‍ തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ ചക്കയില്‍ അടങ്ങിയിരിക്കുന്നു.

ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്‍റുകളും ഫ്ളേവനോയ്ഡുകളും കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവയും ചക്കപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്‍റെ അളവു കുറഞ്ഞ ഊര്‍ജദായകമായ ഫലമാണു ചക്കപ്പഴം.

ഉയര്‍ന്ന അളവില്‍ ഊര്‍ജവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോസ്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോള്‍, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാല്‍ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.

വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോളൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കപ്പഴത്തിലുണ്ട്. ചക്കപ്പഴത്തിലെ ഇരുമ്പ് വിളര്‍ച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പര്‍ സഹായകം.