മണ്ണിന്റെ ഫലഭൂയിഷ്ടത മനസിലാക്കി കൃഷിയിറക്കാൻ വെബ് അധിഷ്ഠിത വിവര സംവിധാനം തയ്യാറാവുന്നു

മണ്ണിന്റെ ഫലഭൂയിഷ്ടത മനസിലാക്കി കൃഷിയിറക്കാൻ വെബ് അധിഷ്ഠിത വിവര സംവിധാനം തയ്യാറാവുന്നു

കേരളത്തിലെ വിവിധ ജില്ലകളിലെ മണ്ണിന്റെ ഫലഭൂയിഷ്ടത മനസിലാക്കി കൃഷിയിറക്കാൻ കർഷകരെ സഹായിക്കുന്ന വെബ് അധിഷ്ഠിത വിവര സംവിധാനം തയ്യാറാവുന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരളയാണ് (ഐ.ഐ.ഐ.എം.കെ) കേരള സോയിൽ ഹെൽത്ത് ഇൻഫർമേഷൻ സംവിധാനം ഒരുക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലെ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പഞ്ചായത്ത് തലത്തിൽ മൂലക പരിപാലനപ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെ പ്രവർത്തനം പുരോഗമിക്കുന്നു. 

കർഷകർക്ക്  www.keralasoilfertility.net സന്ദർശിച്ച് തങ്ങളുടെ പ്രദേശത്തെ മണ്ണിന്റെ സ്വഭാവം മനസിലാക്കാം. കുറവുള്ള മൂലകങ്ങൾ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് കൃഷിയിറക്കുന്നതിന് വെബ്‌സൈറ്റ് സഹായിക്കും. കുറവുള്ള മൂലകങ്ങൾ എത്ര അളവിൽ മണ്ണിൽ ചേർക്കണമെന്ന് വെബ്‌സൈറ്റിൽ നിന്നറിയാം.

ഇതുവരെ 2.3 ലക്ഷം മണ്ണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിക്കഴിഞ്ഞു. പച്ചക്കറി, മരച്ചീനി, നെല്ല് തുടങ്ങിയ വിളകൾ കൃഷി ചെയ്തയിടങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഉത്പാദനം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നെല്ലിന്റെ ഉത്പാദനം 67 ശതമാനം വരെ വർദ്ധിപ്പിച്ചപ്പോൾ പച്ചക്കറി 53ഉം മരച്ചീനി 32 ഉം  ശതമാനം വരെ വർദ്ധിച്ചതായി കണ്ടെത്തി. കാന്തല്ലൂരിലെ കാരറ്റ് ഉത്പാദനം 53 ശതമാനം വരെ വർദ്ധിച്ചു. 

കർഷകർക്ക് പുറമെ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവർക്കും ഇത് സഹായകമാവും. സംസ്ഥാന പ്ലാനിംഗ് ബോർഡ് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വെബ്‌സൈറ്റ് രൂപീകരിച്ചത്. കേരളത്തിലെ മണ്ണിനങ്ങൾ, പൊതുവായ പോരായ്മകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിലുണ്ട്. 

പച്ചക്കറി കർഷകരെ സഹായിക്കുന്നതിന് പ്രത്യേക സംവിധാനവും കൃഷിയിടങ്ങളിൽ കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും രോഗങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കുന്ന  ക്രോപ് പെസ്റ്റ് സർവൈലൻസ് സംവിധാനവും സർക്കാരിനായി ഐ.ഐ.ഐ.എം.കെ തയ്യാറാക്കുന്നുണ്ട്. കാപ്പി കർഷകർക്കായി www.indiacoffeesoils.net എന്ന വെബ്‌സൈറ്റ് കേന്ദ്ര കോഫി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് തയ്യാറാക്കിയിരുന്നു.